കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ അറസ്റ്റ് ചെയ്ത് പോലീസ്. സംക്രാന്തി പാർക്ക് ഹോട്ടൽ ഉടമയായ കോളറങ്ങള വീട്ടിൽ ലത്തീഫിനെയാണ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു കമ്മനഹള്ളിയിൽ നിന്നാണ് ഇയാൾ പിടിയിലായത്.
ഹോട്ടലിലെ മുഖ്യ പാചകക്കാരനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ദീനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രശ്മി രാജ് എന്ന യുവതിയാണ് കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്.
രശ്മിയുടെ മരണത്തിൽ പോലീസ് നരഹത്യയ്ക്കാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. രശ്മിയുടെ മരണത്തിന് പിന്നാലെ സിറാജുദ്ദീൻ ഒളിവിൽ പോയി. കാടാമ്പുഴയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ മാസം 29 നാണ് സംക്രാന്തിയിലെ പാർക്ക് ഹോട്ടലിൽ നിന്ന് രശ്മി ഭക്ഷണം കഴിച്ചത്. പിന്നാലെ രശ്മിക്ക് ശാരീരിക അസ്വാസ്ഥ്യമനുഭവപ്പെട്ടു. ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭക്ഷ്യവിഷബാധയെ തുടർന്ന് ആന്തരികാവയവങ്ങൾക്ക് അണുബാധയുണ്ടായതാണ് രശ്മിയുടെ മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.

