‘ആര്‍മി മാര്‍ഷ്യല്‍ ആര്‍ട്‌സ് റുട്ടീന്‍’ പദ്ധതി; സൈനികര്‍ക്ക് ഇനി ആയോധനകലാ പരിശീലനവും

ന്യൂഡല്‍ഹി: രാജ്യത്ത് സൈനിക പരിശീലനത്തിന്റെ ഭാഗമായി ഇനി കളരിപ്പയറ്റുള്‍പ്പെടെയുള്ള ആയോധനകലകളും പഠിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരി 15 ആര്‍മി ദിനത്തോട് അനുബന്ധിച്ചാണ് ‘ആര്‍മി മാര്‍ഷ്യല്‍ ആര്‍ട്‌സ് റുട്ടീന്‍’ (അമര്‍) എന്ന പേരിലുള്ള പദ്ധതി കരസേനാമേധാവി ജനറല്‍ മനോജ് പാണ്ഡെ പ്രഖ്യാപിച്ചത്.

ആയുധങ്ങളില്ലാതെ ശാരീരികമായി ശത്രുവിനെ നേരിടേണ്ടിവരുമ്പോള്‍ പ്രയോജനപ്പെടാനാണ് ഇത്തരം ആയോധനകലകള്‍ പരിശീലിപ്പിക്കുന്നത്. സൈനികപരിശീലനത്തിന്റെ ഭാഗമായി നിലവില്‍ ചില റെജിമെന്റുകളില്‍ സ്വന്തംനിലയ്ക്ക് ഇന്ത്യന്‍ ആയോധനകലകള്‍ പരിശീലിപ്പിക്കുന്നുണ്ട്. മദ്രാസ് റെജിമെന്റിലെ ചിലയിടങ്ങളില്‍ കളരിപ്പയറ്റ്, സിഖ് റെജിമെന്റില്‍ ഗട്ക, ഗൂര്‍ഖ റെജിമെന്റില്‍ ഖുക്രി തുടങ്ങിയവ പരിശീലിപ്പിക്കാറുണ്ട്. ഇവയെല്ലാം ചേര്‍ത്തുള്ള പരിശീലനപദ്ധതിയാണ് അമര്‍.