തിരുവനന്തപുരം: കേരളത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് തുടരാൻ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന് നിർദ്ദേശം നൽകി ഹൈക്കമാൻഡ്. പാർട്ടി പുനഃസംഘടനയും ശശി തരൂർ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങളും കണക്കിലെടുത്താണ് ഹൈക്കമാൻഡിന്റെ നിർദ്ദേശം. ഇനി ആഴ്ചയിൽ നാലു ദിവസം ഇന്ദിരാഭവനിൽ ഉണ്ടാകുമെന്ന് കെ സുധാകരനും പാർട്ടിക്ക് വാക്ക് നൽകിയിട്ടുണ്ട്.
പുന:സംഘടയുമായി ബന്ധപ്പെട്ട് ചില വിഭാഗങ്ങളുടെ പരാതി എഐസിസി ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപാലും താരിഖ് അൻവറും പരിശോധിച്ച് മാറ്റങ്ങൾക്ക് നിർദ്ദേശിച്ചിരിക്കുകയാണ്. ജില്ലാതല സമിതിയുടെ നേതൃത്വത്തിൽ ജില്ലകളിൽ തന്നെ തർക്കം ഇല്ലാതെ അഴിച്ചുപണി പരമാവധി പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. ജില്ലകളിൽ തർക്കം ഉയരുകയും അതു കെപിസിസിക്ക് വിടുകയും ചെയ്യുമ്പോൾ കെപിസിസി പ്രസിഡന്റ് മാത്രമായി തീരുമാനമെടുക്കരുതെന്നും പ്രതിപക്ഷ നേതാവിനെയും മറ്റു മുതിർന്ന നേതാക്കളെയും കൂടി കേട്ടു വേണം അവസാന തീരുമാനമെടുക്കേണ്ടതെന്നും നിർദ്ദേശമുണ്ട്.
നേതൃയോഗത്തോടനുബന്ധിച്ച് വേണുഗോപാലും താരിഖ് അൻവറും തരൂരിന്റെ യാത്രകൾ സംബന്ധിച്ചുള്ള അനൗപാചരിക വിലയിരുത്തൽ നടത്തി. അദ്ദേഹം പാർട്ടിക്കു വിധേയനാകണമെന്നാണ് പൊതുവികാരം. ഇപ്പോഴത്തെ പര്യടനവും കൂടിക്കാഴ്ചകളും കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുത്തല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

