കോഴിക്കോട്: സംസ്ഥാനത്തെ വന്യ ജീവികളുടെ വംശ വര്‍ദ്ധനവ് തടയാനുള്ള അനുമതിക്കായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.
മന്ത്രിയുടെ വാക്കുകള്‍
‘അടിയന്തിര പ്രാധാന്യമുള്ള വിഷയമായി ഇക്കാര്യത്തില്‍ ഹര്‍ജി നല്‍കും. സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. വന്യമൃഗ ശല്യത്തെ കുറിച്ച് പഠിക്കാന്‍ കെ എഫ് ആര്‍ ഐയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കടുവയുടെ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ നാളെ വയനാട്ടില്‍ സര്‍വകക്ഷി യോഗം ചേരും. ഇതില്‍ ഉയരുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി എടുക്കും. ദ്രുത കര്‍മ സേനയുടെ അംഗ ബലം കൂട്ടും. ജനത്തിന്റെ ജീവല്‍ പ്രശ്‌നങ്ങള്‍ രാഷ്ട്രീയ ആയുധമാക്കരുത്. സമരമല്ല സഹകരണമാണ് ഈ വിഷയത്തില്‍ വേണ്ടത്. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായാണ് ഈ നിലയില്‍ വന്യജീവി ആക്രമണം വര്‍ധിച്ചത്. പല പഠനങ്ങളും ഈ വിഷയത്തില്‍ നടത്തി. ഇവയൊന്നും യുക്തിസഹമല്ല. വനത്തിനകത്ത് ആവാസ വ്യവസ്ഥയില്‍ മാറ്റമുണ്ടായിട്ടുണ്ട്. വന്യമൃഗങ്ങള്‍ക്ക് കാട്ടില്‍ ഭക്ഷണവും വെള്ളവും കിട്ടുന്നില്ല. വംശ വര്‍ധനവും ഉണ്ടായി. കടുവകള്‍ക്കൊക്കെ കാട്ടില്‍ നിശ്ചിത സ്ഥലം ആവശ്യമാണ്. അത് ഇപ്പോള്‍ ഇല്ലാത്ത സ്ഥിതിയാണ്. ഇതിന്റെ ശാസ്ത്രീയതയും യുക്തിഭദ്രതയും ഉറപ്പാക്കാനാണ് കെ എഫ് ആര്‍ ഐയെ പഠനത്തിന് ചുമതലപ്പെടുത്തിയത്. നിയമ നിര്‍മ്മാണമാണ് ആവശ്യമെന്നുണ്ടെങ്കില്‍ അത് ചെയ്യും. ആഫ്രിക്കന്‍ രാജ്യങ്ങള്‍ മാത്രമാണ് വംശവര്‍ധന തടയാനുള്ള നടപടികള്‍ പരീക്ഷിച്ചത്. മറ്റ് രാജ്യങ്ങള്‍ ഇത് ചെയ്തിട്ടില്ല. 2013 ല്‍ സുപ്രീം കോടതി വിധി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചിരുന്നു. ഇതുവരെ അതിലൊരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയില്‍ അടിയന്തിര ഹര്‍ജി സമര്‍പ്പിക്കുന്നത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ പ്രശ്‌നം ഇത്ര രൂക്ഷമല്ല.’

