കണ്ണൂർ: രമേശ് ചെന്നിത്തലക്കെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മുഖ്യമന്ത്രിക്കുപ്പായ വിവാദവുമായി ബന്ധപ്പെട്ടാണ് ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരൻ രംഗത്തെത്തിയത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ പ്രത്യേകിച്ച് കുപ്പായമില്ലെന്നും തലേന്നിട്ട ഡ്രസ് അലക്കി ധരിച്ചാണ് സാധാരണ സത്യപ്രതിജ്ഞ ചെയ്യാറുള്ളതെന്നുമായിരുന്നു കെ മുരളീധരന്റെ പരിഹാസം.
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ആരെങ്കിലും കോട്ട് തയ്പിച്ച് വെച്ചിട്ടുണ്ടെങ്കിൽ അത് ഊരിവെച്ച് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിയെ ജയിപ്പിക്കാൻ മുന്നിട്ടിറങ്ങണമെന്ന രമേശ് ചെന്നിത്തലയുടെ പരാമർശത്തിനാണ് കെ മുരളീധരൻ മറുപടി നൽകിയത്. അങ്ങനെ പ്രത്യേകിച്ച് കുപ്പായമുണ്ടോ മുഖ്യമന്ത്രിക്കെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ, തലേന്നൊക്കെ ഇട്ട ഡ്രസ് ഒന്ന് അലക്കിയിട്ടാണ് സാധാരണ ചെയ്യാറ്. മുൻപ് ബ്രിട്ടീഷുകാരുടെ കാലത്ത് സ്യൂട്ട് ഇട്ടാണ് സത്യപ്രതിജ്ഞ ചെയ്യാറുണ്ടായിരുന്നതെന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഇപ്പോൾ അതൊന്നുമില്ല, ജനാധിപത്യമല്ലേയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോൺഗ്രസിന്റെ നേതാവും എം.പിയുമാണ് ശശി തരൂർ. പാർട്ടിയിൽ ആർക്കും സജീവമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ശശി തരൂരിന് പാർട്ടി പരിപാടികളിലോ പൊതുപരിപാടികളിലോ പങ്കെടുക്കുന്നതിന് യാതൊരു വിലക്കുമില്ല. പാർട്ടി പരിപാടിയിൽ പങ്കെടുക്കുമ്പോൾ ഡി.സി.സിയെ അറിയിക്കണം എന്ന നിർദേശം തനിക്കുൾപ്പെടെ എല്ലാവർക്കും കൊടുത്തിട്ടുണ്ട്. അതിൽക്കൂടുതൽ ഒന്നുമില്ല. ഒരു നിയന്ത്രണവുമില്ല. അദ്ദേഹം ഇപ്പോൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടല്ലോയെന്നും പിന്നെന്താ കുഴപ്പമെന്നും മുരളീധരൻ ചോദിക്കുന്നു.

