വാരണാസി: ഗംഗാ വിലാസ് ക്രൂസ് കപ്പല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. വാരണാസിയില്‍ നിന്ന് തുടങ്ങുന്ന യാത്ര ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 27 നദീതടങ്ങള്‍ പിന്നിട്ട് ബംഗ്ലാദേശ് വഴി അസമിലെ ദീബ്രുഗഡിലാണ് അവസാനിക്കുക.
അതേസമയം, വെജിറ്റേറിയന്‍ ഇന്ത്യന്‍ വിഭവങ്ങളും മദ്യമൊഴികെയുള്ള പാനീയങ്ങളും മാത്രമേ കപ്പലില്‍ ലഭിക്കുകയുള്ളൂ. ജിം അടക്കമുള്ള സംവിധാനങ്ങളും ഈ സഞ്ചരിക്കുന്ന കൊട്ടാരത്തിലുണ്ട്. യാത്രക്കാര്‍ക്ക് സംഗീതം ആസ്വദിക്കാനുമാവും. 51 ദിവസത്തെ നദീയാത്രയ്ക്ക് ഒരാള്‍ക്ക് ശരാശരി 20 ലക്ഷം രൂപ ചെലവാകും. അടുത്തവര്‍ഷം മാര്‍ച്ച് വരെ ബുക്കിംഗ് ഫുള്ളായതിനാല്‍ 2024 ഏപ്രിലിനു ശേഷം മാത്രമേ പുതിയ ബുക്കിംഗ് സാദ്ധ്യമാകുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.
62 മീറ്റര്‍ നീളമുള്ള ഈ കപ്പല്‍ പൂര്‍ണമായും ഇന്ത്യയിലാണ് നിര്‍മിച്ചത്. 68 കോടി രൂപയാണ് നിര്‍മാണ ചെലവ്. മൂന്ന് ഡെക്കുകളും, പതിനെട്ട് സ്വീറ്റുകളുമുണ്ട് കപ്പലില്‍. ഇരുപത്തി അയ്യായിരം രൂപ മുതല്‍ അന്‍പതിനായിരം രൂപ വരെയാണ് ഒരു ദിവസത്തെ ചെലവ്,.

