ബജറ്റ്: മധ്യവർഗത്തിന്റെ അതൃപ്തി പരിഹരിക്കാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി ആർഎസ്എസ്

ന്യൂഡൽഹി: മധ്യവർഗത്തിന്റെ അതൃപ്തി പരിഹരിക്കാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി ആർഎസ്എസ്. ഇത്തരം നിർദ്ദേശങ്ങൾ അടുത്ത കേന്ദ്രബജറ്റിൽ ഉൾപ്പെടുത്തണമെന്നാണ് നിർദ്ദേശം. നികുതി നിരക്കുകളിലെ മാറ്റത്തെ കുറിച്ചും കേന്ദ്ര സർക്കാർ പദ്ധതിയിട്ടേക്കും. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം.

വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ആർഎസ്എസ് ബജറ്റിനായി നിർദ്ദേശം നൽകിയത്. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങൾ മധ്യവർഗത്തെ നന്നായി ബാധിച്ചു. മോദി സർക്കാറിൽ പ്രതീക്ഷ പുലർത്തിയ ജനങ്ങളെ ഇത് അതൃപ്തിയിലാക്കിയിട്ടുണ്ട്.

പഴയ പെൻഷൻ പദ്ധതിയടക്കം മധ്യവർഗത്തെ ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ വാഗ്ദാനങ്ങൾക്ക് വലിയ സ്വീകാര്യത കിട്ടുന്നുണ്ടെന്ന നിരീക്ഷണത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി. ജനവികാരം എതിരാകാനുള്ള സാഹചര്യം ഒരുക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യത്ത് ദാരിദ്ര്യത്തിന്റെ ഭീകരത നിലനിൽക്കുകയാണെന്നും വിലക്കയറ്റം തൊഴിലില്ലായ്മ എന്നിവ രൂക്ഷമാണെന്നും നേരത്തെ ആർഎസ്എസ് ജന സെക്രട്ടറി ദത്താത്രേയ ഹൊസബലേ വ്യക്തമാക്കിയിരുന്നു.