ആര് എന്ത് പറഞ്ഞാലും പ്രശ്‌നമില്ല; രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ശശി തരൂർ

ന്യൂഡൽഹി: രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ആര് എന്ത് പറഞ്ഞാലും പ്രശ്‌നമില്ലെന്നും താൻ മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാല് വർഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവയ്ക്കണമെന്നുമായിരുന്നും മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന തരൂരിന്റെ പ്രസ്താവനയോട് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. ഇതിനാണ് തരൂർ മറുപടി നൽകിയത്.

ഇത് മുഖ്യമന്ത്രിയുടെ കോട്ടല്ല. മുഖ്യമന്ത്രിക്കായിട്ട് ഒരു കോട്ട് ഉണ്ടോയെന്നും തരൂർ ചോദിക്കുന്നു. അത് ആര് പറഞ്ഞോ അവരോട് ചോദിക്കണം. ആര് എന്ത് പറഞ്ഞാലും തനിക്ക് പ്രശ്‌നമില്ല. സംസ്ഥാനത്ത് തനിക്ക് കൂടുതൽ ക്ഷണം ലഭിക്കുന്നുണ്ട്. ജനങ്ങൾ തന്നെ കാണാൻ ആഗ്രഹിക്കുന്നതിനാലാണ് താൻ പരിപാടികളിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി ഡി സതീശൻ ഉൾപ്പെടെയുള്ളവരും തരൂരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് 2026ലാണെന്നും ഏത് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും ഇതിന് പിന്നാലെ തരൂർ വ്യക്തമാക്കി.