ന്യൂഡൽഹി: സമൂഹത്തിൽ വിദ്വേഷം പടർത്തുന്ന വാർത്താ ചാനൽ അവതാരകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി. കുറ്റക്കാരായ അവതാരകരെ പിൻവലിക്കണമെന്ന് കോടതി വ്യക്തമാക്കി. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്‌ന എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
പ്രോഗ്രാം കോഡ് ലംഘിക്കുന്ന ചാനലുകൾക്ക് കനത്ത പിഴ ഈടാക്കണം. ദൃശ്യങ്ങളുടെ സാധ്യത ഉപയോഗിച്ച് സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാൻ ഒരു വിഭാഗം ചാനലുകൾ ശ്രമിക്കുകയാണ്. അജണ്ടകളോടെ പ്രവർത്തിക്കുന്ന ചാനലുകൾ വാർത്തകൾ സ്തോഭജനകമായി അവതരിപ്പിക്കാൻ മത്സരിക്കുകയാണ്. ചാനൽ അവതാരകർ തന്നെ പ്രശ്നക്കാർ ആകുമ്പോൾ എന്ത് ചെയ്യാൻ കഴിയുമെന്നും കോടതി ചോദിക്കുന്നു. NBSA പോലുള്ള സ്ഥാപനങ്ങൾ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇത്തരം സ്ഥാപനങ്ങൾ ഏകപക്ഷീയമായി പ്രവർത്തിക്കരുതെന്നും കോടതി വ്യക്തമാക്കി.
അഭിപ്രായ സ്വന്തന്ത്ര്യവും, ആവിഷ്‌കാര സ്വാതന്ത്ര്യവും പ്രധാനപ്പെട്ടതാണ്. മാധ്യമങ്ങൾ അവ അവകാശപ്പെടുമ്പോൾ അതിന് അനുസരിച്ച് ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണം. വിദ്വേഷ പ്രസംഗങ്ങൾ സമൂഹത്തിന് ഭീഷണിയാണ്. ആരെയും നിന്ദിക്കാൻ മാധ്യമങ്ങൾക്ക് അവകാശം ഇല്ല. എല്ലാവർക്കും അന്തസോടെ ജീവിക്കാനുള്ള അവകാശം ഉണ്ടെന്നും സുപ്രീംകോതി കൂട്ടിച്ചേർത്തു.

