കൽപ്പറ്റ: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ തോമസിന്റെ മകന് താൽക്കാലിക ജോലി നൽകാൻ ധാരണ. ആക്ഷൻ കമ്മറ്റി ഭാരവാഹികളുമായി വയനാട് ജില്ലാ കളക്ടർ എ ഗീത നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നഷ്ടപരിഹാരമായി 10 ലക്ഷം രൂപയും കുടുംബത്തിന് നൽകും.
അതേസമയം, സ്ഥിര ജോലിക്കുള്ള ശുപാർശ മന്ത്രിസഭയ്ക്ക് നൽകും. 40 ലക്ഷം കൂടി നൽകാൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും യോഗത്തിൽ തീരുമാനിച്ചു. കടുവയെ പിടിക്കാൻ ആവശ്യമെങ്കിൽ കൂടുതൽ കൂടുകൾ സ്ഥാപിക്കാനും ചർച്ചയിൽ ധാരണയായി.
കളക്ടറുമായി നടത്തിയ ചർച്ചയിൽ തീരുമാനമായ സാഹചര്യത്തിൽ തോമസിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌ക്കരിക്കും. കടുവ സാന്നിധ്യം സ്ഥിരീകരിച്ച തൊണ്ടർനാട് പഞ്ചായത്തിലെ വെള്ളാരംകുന്നിൽ നൂറിലേറെ വനപാലക സംഘമാണ് ക്യാമ്പ് ചെയ്യുന്നത്. അഞ്ച് നിരീക്ഷണ ക്യാമറകളും കൂടും മേഖലയിൽ സ്ഥാപിച്ചു.
കടുവയെ പിടികൂടാനായി ആർആർടി സംഘത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. കടുവ ഉൾവനത്തിലേക്ക് കടന്നിട്ടില്ലെന്ന നിഗമനത്തിലാണ് അധികൃതർ.

