തിരുവനന്തപുരം: സർക്കാരിന്റെ നവോത്ഥാന സംരക്ഷണ സമിതിക്ക് വീണ്ടും തിരിച്ചടി. നവോത്ഥാന സംരക്ഷണ സമിതിയിൽ നിന്ന് ഒരു സംഘടന കൂടി പിന്മാറി. ശബരിമല യുവതിപ്രവേശന വിവാദവേളയിൽ സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് രൂപം നൽകിയ സമിതിയാണിത്. ഐക്യ മലയരയ മഹാസഭയാണ് സമിതി വിട്ടു പോയത്. ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട ഭിന്നതയെ തുടർന്നാണ് സമിതി വിട്ടത്.
ശബരിമല മേൽശാന്തി നിയമനം അടക്കമുള്ള വിഷയങ്ങളിൽ നവോത്ഥാന വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് മലയരയ മഹാസഭ സമിതി വിട്ടു പോയത്. സർക്കാരിന്റെ നിഷേധാത്മക നിലപാട് അംഗീകരിക്കാനാകില്ലെന്ന് നവോത്ഥാന സമിതി സെക്രട്ടറിയും മലയരയ മഹാസഭ ജനറൽ സെക്രട്ടറിയുമായ പി കെ സജീവ് വ്യക്തമാക്കി.
ഭരണഘടനാ സംരക്ഷണ സമ്മേളനങ്ങളുടെ സമാപനം ജനുവരി 26ന് ചെമ്പഴന്തിയിൽ നടത്താനിരിക്കെ സംഘടനകൾ ഒന്നൊന്നായി വിട്ടുപോകുന്നത് സർക്കാരിന് തിരിച്ചടിയായിരിക്കുകയാണ്. ചരമർ സാംബവർ ഡെവലപ്മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ്), അഖില കേരള ചേരമർ ഹിന്ദു മഹാസഭ തുടങ്ങിയ സംഘടനകളും സമിതിയുമായി നല്ല സഹകരണത്തിലല്ല.

