ആഗോള വിപണിയിലെ ഉയർന്നുവരുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് പൊതു-സ്വകാര്യ മേഖലകൾ ഒന്നിച്ച് പ്രവർത്തിക്കണം; പ്രധാനമന്ത്രി

ന്യൂഡൽഹി: ആഗോള വിപണിയിലെ ഉയർന്നുവരുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് പൊതു-സ്വകാര്യ മേഖലകൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ബജറ്റിന് മുന്നോടിയായി നിതി ആയോഗിലെ പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി നടത്തിയ ആശയ വിനിമയത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ആഗോള പ്രതിസന്ധികൾക്കിടയിലെ ഇന്ത്യയുടെ വളർച്ചയും അതിജീവനശേഷിയും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു ചർച്ചകൾ. ആപത്ശങ്കകളുണ്ടെങ്കിലും, ഉയർന്നുവരുന്ന ആഗോള അന്തരീക്ഷം ഡിജിറ്റൽവൽക്കരണം, ഊർജം, ആരോഗ്യസംരക്ഷണം, കൃഷി തുടങ്ങിയ മേഖലകളിൽ പുതിയതും വൈവിധ്യപൂർണവുമായ അവസരങ്ങൾ പ്രദാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഡിജിറ്റൽ ഇന്ത്യയുടെ വിജയത്തെയും രാജ്യത്തുടനീളം ഫിൻടെക് അതിവേഗം സ്വീകരിച്ചതിനെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ഇന്ത്യയുടെ വളർച്ചയുടെ പ്രധാന ചാലകശക്തിയാണ് നാരീശക്തി. തൊഴിൽശക്തിയിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുതൽ പ്രാപ്തമാക്കുന്നതിനും വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരണമെന്നും നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. അതേസമയം, ഇന്ത്യയുടെ വികസന കുതിപ്പ് നിലനിർത്താൻ കഴിയുന്ന മാർഗങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ പ്രധാനമന്ത്രിയുമായുള്ള ആശയ വിനിമയത്തിൽ സാമ്പത്തിക വിദഗ്ധർ മുന്നോട്ടുവെച്ചു. ആഗോള വിപണി പ്രക്ഷുബ്ധമായപ്പോഴും ഇന്ത്യയുടെ പ്രതിരോധം ശക്തമായിരുവെന്നും അതിനാൽതന്നെ ആഗോള വേദിയിൽ ഇന്ത്യ വേറിട്ടുനിന്നതായി വിദഗ്ദർ ചൂണ്ടിക്കാട്ടി.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, നിതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെറി, സാമ്പത്തിക വിദഗ്ധരായ ശങ്കർ ആചാര്യ, അശോക് ഗുലാത്തി, ഷമിക രവി തുടങ്ങിയവരും മറ്റ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.