കോഴിക്കോട്: കോൺഗ്രസ് നേതാവ് ശശി തരൂരിനെ പ്രശംസിച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ. ശശി തരൂർ വിശ്വപൗരനാണെന്ന് അദ്ദേഹം പറഞ്ഞു. ശശി തരൂരുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ കോഴിക്കോട് വെച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം തരൂരിനെ പ്രശംസിച്ച് രംഗത്തെത്തിയത്. കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനമാണ് ശശി തരൂർ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ സമുദായങ്ങളെയും ഉൾക്കൊള്ളാവുന്ന നേതൃത്വം വരണം. കോൺഗ്രസാണ് തരൂരിന്റെ നേതൃത്വം ഗുണം ചെയ്യുമോയെന്ന് തീരുമാനിക്കേണ്ടത്. കോൺഗ്രസിൽ തരൂരിന് എതിരായ ഗ്രൂപ്പുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, ശശി തരൂരിന് പരസ്യ പിന്തുണ സമസ്ത പ്രഖ്യാപിച്ചില്ല. നിലപാട് തെരഞ്ഞെടുപ്പ് കാലത്ത് പറയുമെന്നായിരുന്നു സമസ്ത വ്യക്തമാക്കിയത്.
സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ, മുജാഹിദ് വിഭാഗം അധ്യക്ഷൻ അബ്ദുള്ളക്കോയ മദനി തുടങ്ങിയവരുമായാണ് തരൂർ കൂടിക്കാഴ്ച്ച നടത്തിയത്. നടന്നത് സൗഹാർദ്ദ കൂടിക്കാഴ്ച മാത്രമാണെന്ന് ശശി തരൂർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

