ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഢംബര നദീജല സവാരിയ്ക്ക് തുടക്കം കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗംഗാ വിലാസ് ക്രൂയിസ് സവാരി ഫ്ളാഗ് ഓഫ് ചെയ്തത്.
ഗംഗ, ഭാഗീരഥി, ഹൂഗ്ലി, ബ്രഹ്മപുത്ര, വെസ്റ്റ് കോസ്റ്റ് കനാൽ തുടങ്ങി 27 നദികളിലൂടെ സഞ്ചരിക്കുന്ന ക്രൂയിസിൽ 50 പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള അവസരം ലഭിക്കും. 51 ദിവസം കൊണ്ട് 3,200 കിലോമീറ്റർ ദൂരം ക്രൂയിസ് പിന്നിടും. വാരാണസിയിലെ ഗംഗാ ആരതി, കാസിരംഗ ദേശീയോദ്യാനം, സുന്ദർബൻസ് ഡെൽറ്റ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ചരിത്ര സ്മാരകങ്ങൾ തുടങ്ങിയവ കാണാനുള്ള അവസരം സഞ്ചാരികൾക്ക് ലഭിക്കും. കാസിരംഗ നാഷണൽ പാർക്ക്, സുന്ദർബൻസ് ഡെൽറ്റ തുടങ്ങിയ വന്യജീവി സങ്കേതങ്ങളിലൂടെയും ക്രൂയിസ് സഞ്ചരിക്കും.
62 മീറ്ററാണ് ഗംഗാ വിലാസിന്റെ നീളം. 12 മീറ്ററാണ് വിസ്തീർണ്ണം. മൂന്നു ഡെക്കുകളാണ് കപ്പലിലുള്ളത്. 18 സ്യൂട്ടുകളുമുണ്ട്. ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്നും ആരംഭിച്ച യാത്ര അസമിലെ ദിബ്രുഗഡിൽ അവസാനിക്കും. ബംഗ്ലാദേശിലൂടെയും ‘റിവർ ക്രൂയിസ്’ സഞ്ചരിക്കുന്നതാണ്. വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികൾ ക്രൂയിസിലുണ്ട്.
ശബ്ദ മലിനീകരണം പരമാവധി കുറയ്ക്കാനായി ഹോസ്പിറ്റൽ ഗ്രേഡ് സൈലൻസറുകളാണ് ഗംഗാവിലാസിൽ ഉപയോഗിക്കുന്നത്. എൻജിനിൽ നിന്നും പുറപ്പെടുന്ന ശബ്ദം പരമാവധി കുറയ്ക്കാൻ ഇത് സഹായിക്കും. കപ്പലിൽ നിന്നും രാസവസ്തുക്കളടങ്ങിയ മലിനജലം നദികളിൽ പതിക്കുന്നില്ലെന്ന് ഉറപ്പാക്കാനായി എണ്ണയും വെള്ളവും വേർതിരിച്ചെടുക്കുന്നതിനുള്ള ഓയിൽ – വാട്ടർ സെപ്പെറേറ്റർ മെഷീനുകളും കപ്പലിലെ മാലിന്യങ്ങൾ പുറന്തള്ളുന്നതിന് മുമ്പായി ശുദ്ധീകരിക്കുന്നതിനുള്ള മാലിന്യ പ്ലാന്റുകളും ഗംഗാ വിലാസിലുണ്ട്. പ്രതിദിനം ഇരുപത്തിയയ്യായിരം രൂപ എന്ന നിരക്കിൽ 13 ലക്ഷം രൂപയാണ് കപ്പലിൽ ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്.

