തളിപ്പറമ്പ്: യുപി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. ഇരുപതോളം വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിലാണ് അധ്യാപകൻ അറസ്റ്റിലായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി ചെറിയൻ മാക്കൻ ഫൈസൽ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രിതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
സ്കൂളിലെ കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥികൾ അധ്യാപകൻ പീഡിപ്പിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞത്. പിന്നാലെ സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. കണ്ണൂർ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗം അധ്യാപകനാണ് അറസ്റ്റിലായ ചെറിയാൻ മാക്കൻ ഫൈസൽ. കോവിഡ് കാലത്തിന് ശേഷം വീണ്ടും സ്കൂൾ തുറന്ന സമയത്താണ് അധ്യാപകൻ വിദ്യാർത്ഥികളെ പീഡിപ്പിച്ചത്.
പോക്സോ വകുപ്പുകൾ പ്രകാരമാണ് അധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാർത്ഥികൾ പോലീസിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ അധ്യാപകനെതിരെ കൂടുതൽ പരാതികൾ ലഭിക്കുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

