യുവശക്തിയുടെ സ്വപ്നങ്ങളാണ് ഇന്ത്യയെ നയിക്കുക; യുവാക്കളാണ് ഇന്ത്യയുടെ ഭാവിയെന്ന് പ്രധാനമന്ത്രി

ബംഗളൂരു: യുവശക്തിയുടെ സ്വപ്നങ്ങളാണ് ഇന്ത്യയെ നയിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ യുവാക്കളാണ് ഇന്ത്യയുടെ ഭാവിയെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത 25 വർഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്യധികം നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി. 26-ാമത് ദേശീയ യൂത്ത് ഫെസ്റ്റിവൽ ആഘോഷിക്കുന്നതിന്റെ ഭാഗമായി കായികമന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

രാജ്യത്തെ പടുത്തുയർത്തുന്ന 25 വർഷമാണ് വരാൻ പോകുന്നത്. യുവാക്കളുടെ അഭിലാഷങ്ങളാണ് രാജ്യത്തിന്റെ ലക്ഷ്യം. അവരുടെ അഭിനിവേശമാണ് ഇന്ത്യയുടെ ശക്തിയായി മാറുക. ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയാണ്. ആദ്യ മൂന്ന് രാഷ്ട്രങ്ങളിൽ ഇടംപിടിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് നിങ്ങളുടെ നൂറ്റാണ്ടാണ്. ഇന്ത്യൻ യുവതയുടെ നൂറ്റാണ്ട്. ഇന്ത്യയുടേതാണ് ഈ നൂറ്റാണ്ടെന്ന് ലോകരാജ്യങ്ങൾ പോലും പറയാൻ ആരംഭിച്ചുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ത്യ ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുകയാണ്. പരിഹാരങ്ങൾക്ക് വേണ്ടി ലോകം നമ്മെ ഉറ്റുനോക്കുന്നുണ്ടെങ്കിൽ അത് നമ്മുടെ യുവതലമുറയുടെ സമർപ്പണബോധം കൊണ്ടാണെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.