ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടില്ല; സ്ഥിരീകരണവുമായി സീതാറാം യെച്ചൂരി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് ക്ഷണം ലഭിച്ചിട്ടില്ലെന്ന് സിപിഎം. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യം അറിയിച്ചത്. ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ സിപിഎമ്മിന് ക്ഷണം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 21 പാർട്ടികളെ ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് കോൺഗ്രസ് ക്ഷണിച്ചുവെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. സിപിഎമ്മിനും ക്ഷണം ലഭിച്ചുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണവുമായി സീതാറാം യെച്ചൂരി രംഗത്തെത്തിയത്.

തൃണമൂൽ കോൺഗ്രസ്, നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡ്, ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി, ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദൾ, അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടി, മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടി തുടങ്ങിയ പാർട്ടികൾക്കെല്ലാം ഭാരത് ജോഡോ യാത്രയ്ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാൽ, ആംആദ്മി പാർട്ടിയ്ക്ക് ക്ഷണം ലഭിച്ചില്ല.

രാജ്യത്ത് വ്യാപിക്കുന്ന വിദ്വേഷത്തിനും അക്രമത്തിനുമെതിരെ സ്വയം പോരാടാനും സത്യത്തിന്റെയും ദയയുടെയും അക്രമരാഹിത്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാനും ഈ പരിപാടിയിൽ നാം പ്രതിജ്ഞാബദ്ധമാണെന്നാണ് കോൺഗ്രസ് പാർട്ടികൾക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇതിനു പുറമെ ഭരണഘടനാ മൂല്യങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, എല്ലാവർക്കും നീതി എന്നിവയുടെ സംരക്ഷണവും നമ്മുടെ ചുമതല തന്നെയെന്നും കത്തിൽ പറയുന്നു.

ജനുവരി 30 ന് ശ്രീനഗറിൽ വെച്ചാണ് ഭാരത് ജോഡോ യാത്ര സമാപിക്കുന്നത്.