തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഡിസംബര്‍ മാസത്തെ ശമ്പളം ഇന്ന് നല്‍കിയേക്കും. ശമ്പള വിതരണത്തിനായി 20 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. മൊത്തം 50 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ നല്‍കിയത്. ഇതോടെ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാനാണ് തീരുമാനം.
അതേസമയം, വിരമിച്ചവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ രണ്ട് വര്‍ഷത്തെ സാവകാശം വേണമെന്ന് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ സഹായമില്ലാതെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനുള്ള 83.1 കോടി രൂപ നല്‍കാന്‍ നിലവില്‍ കെഎസ്ആര്‍ടിസിക്ക് ശേഷിയില്ല. ഓരോ മാസവും 3.46 കോടി രൂപ വീതം മുന്‍ഗണനാക്രമത്തില്‍ ആനുകൂല്യങ്ങള്‍ കൊടുത്തു തീര്‍ക്കാമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. 2021 ഏപ്രില്‍ മുതല്‍ ഇതുവരെ വിരമിച്ച 1757 ജീവനക്കാരില്‍ 1073 പേര്‍ക്ക് ഇനിയും ആനുകൂല്യങ്ങള്‍ കൊടുത്തു തീര്‍ക്കാന്‍ ഉണ്ടെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
അതിനിടെ, ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഭരണ പ്രതിപക്ഷ യൂണിയനുകള്‍ സമരത്തിലാണ്.

