മലപ്പുറം: കേരളം കർമഭൂമിയാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ച ഇപ്പോൾ തുടങ്ങുന്നതിൽ പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സമുദായ നേതാവിനെയും താൻ അപ്പോയിൻമെന്റ് എടുത്ത് കണ്ടതല്ലെന്നും കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ കണ്ടതാണെന്നും തരൂർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, കേരളത്തിലെ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന ശശി തരൂരിന്റെ പ്രസ്താവനയെ വിമർശിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം നേരത്തേ രംഗത്തെത്തിയിരുന്നു. നേതാക്കൾക്ക് പല ആഗ്രഹങ്ങളുണ്ടാകാമെങ്കിലും പാർട്ടിയിൽ സ്ഥാനാർത്ഥി നിർണ്ണയത്തിന് ചില രീതികളുണ്ടെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വ്യക്തമാക്കിയത്. കേരളത്തിൽ നിയമസഭയിലേക്ക് മത്സരിക്കാൻ താൽപര്യമുണ്ടെന്നും, മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്നുമുള്ള ശശി തരൂരിന്റെ പ്രസ്താവനയെ തുടർന്നാണ് താരിഖ് അൻവർ ഇക്കാര്യം പറഞ്ഞത്. ഇതിന് പിന്നാലെ ഇതിന് മറുപടിയുമായി ശശി തരൂരും രംഗത്തെത്തിയിരുന്നു.
അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും താരിഖ് അൻവറിനോടോ ഹൈക്കന്മാഡിനോടോ തനിക്ക് തർക്കമില്ലെന്നും ശശി തരൂർ വ്യക്തമാക്കി. താൻ പോകുന്നത് ക്ഷണം ലഭിച്ച പരിപാടികളിൽ പങ്കെടുക്കാനാണ്. സംസ്ഥാനത്ത് വിവിധ പരിപാടികളിൽ താൻ പങ്കെടുക്കുന്നത് പുതിയ കാര്യമല്ലെന്നും തരൂർ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാനാകില്ല. തനിക്കെതിരെയുള്ള വിമർശനത്തിന്റെ കാരണം വിമർശിക്കുന്നവരാണ് പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

