കേന്ദ്രം ആവശ്യമായ ഫണ്ട് നൽകുന്നില്ലെന്ന് സംസ്ഥാന സർക്കാർ പരാതിപ്പെടുന്നത് വാസ്തവ വിരുദ്ധം; പ്രകാശ് ജാവ്‌ദേക്കർ

കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയും മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായ പ്രകാശ് ജാവ്‌ദേക്കർ. കേന്ദ്രം ആവശ്യമായ ഫണ്ട് നൽകുന്നില്ലെന്ന് സംസ്ഥാന സർക്കാർ പരാതിപ്പെടുന്നത് വാസ്തവ വിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കണക്കുകൾ നിരത്തിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നരേന്ദ്ര മോദി സർക്കാർ കേരള ജനതയോട് നേീതി പുലർത്തിയിട്ടുണ്ട്. മുൻ യുപിഎ സർക്കാർ നൽകിയതിലും മികച്ച സഹായമാണ് ഇപ്പോൾ കേന്ദ്രം കേരളത്തിന് നൽകുന്നത്. 32 ശതമാനമായിരുന്നു യു പി എ സർക്കാർ കേരളത്തിന് സഹായം നൽകിയതെങ്കിൽ 42 ശതമാനം സഹായം ഇപ്പോൾ നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്രയേറെ സഹായം നൽകിയിട്ടും സംസ്ഥാന സർക്കാർ മോദി സർക്കാറിനെതിരെ അനാവശ്യ വിവാദങ്ങൾ ഉയർത്തുകയാണ്. പെട്രോൾ വില കുറക്കാൻ മറ്റ് സംസ്ഥാനങ്ങൾ കൂടുതൽ സഹായം നൽകുമ്പോൾ ഏറ്റവും കുറവ് തുക നൽകുന്നത് കേരളമാണെന്നും ഇതാണ് കേരളത്തിൽ പെട്രൊൾ വില കൂടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെല്ലാം വ്യക്തമായ കണക്കുകൾ ലഭ്യമാണ്. തെറ്റാണെങ്കിൽ തെളിയിക്കാൻ കേരളത്തിലെ മന്ത്രിമാരെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി സ്വന്തം കഴിവുകേട് മറക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്നും പ്രകാശ് ജാവദേക്കർ വിമർശിച്ചു.