ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ നിന്ന് 163.62 കോടി രൂപ തിരിച്ചുപിടിക്കാൻ നോട്ടീസ്. സർക്കാർ പരസ്യങ്ങളുടെ മറവിൽ രാഷ്ട്രീയ പരസ്യങ്ങൾ നൽകിയെന്നാരോപിച്ചാണ് ആംആദ്മി പാർട്ടിയിൽ നിന്നും 163.62 കോടി രൂപ തിരിച്ചു പിടിക്കാൻ ഡൽഹി സർക്കാർ നോട്ടീസ് അയച്ചത്. ഡൽഹി സർക്കാരിന്റെ ഇൻഫർമേഷൻ ആന്റ് പബ്ലിസിറ്റി ഡയറക്ട്രേറ്റ് ആണ് എഎപിയ്ക്ക് നോട്ടീസ് നൽകിയത്. പത്തുദിവസത്തിനുള്ളിൽ പണം അടയ്ക്കണമെന്നാണ് നിർദ്ദേശം. പണം തിരികെ അടച്ചില്ലെങ്കിൽ കർശനമായ നടപടികളിലേക്ക് നീങ്ങുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു.
163,61,88,265 രൂപയാണ് തിരിച്ചടക്കേണ്ടത്. ഇതിനുള്ള അവസാന അവസരമാണ് നൽകുന്നതെന്നും പത്തുദിവസത്തിനുള്ളിൽ പണം അടച്ചില്ലെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ വിശദമാക്കുന്നു. 99,31,10,53 രൂപയാണ് 2017 മാർച്ച് 31 വരെ പരസ്യങ്ങൾക്കായി ചെവലഴിച്ച തുകയായി വ്യക്തമാക്കിയിട്ടുള്ളത്. ബാക്കിയുള്ള 64,30,78,212 രൂപ പരസ്യയിനത്തിൽ ചെലവാക്കിയ തുകയുടെ പലിശയായാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.
എ എ പി കൺവീനർ നിശ്ചിത സമയത്തിനുള്ളിൽ പണം തിരിച്ചടച്ചില്ലെങ്കിൽ ഡൽഹി ലെഫ്.ഗവർണറുടെ മുൻ ഉത്തരവുപ്രകാരം പാർട്ടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. എന്നാൽ നോട്ടീസുമായി ബന്ധപ്പെട്ട് പാർട്ടിയുടെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. ആംആദ്മി പാർട്ടിയിൽ നിന്നും 97 കോടി രൂപ തിരിച്ച് പിടിക്കാൻ നിർദ്ദേശിച്ച് ഡിസംബർ 20 ന് ഡൽഹി ലഫ്. ഗവർണർ വിനയ് കുമാർ സക്സേന ഉത്തരവിട്ടിരുന്നു. രാഷ്ട്രീയ പരസ്യങ്ങൾ ഡൽഹി സർക്കാരിന്റെ ചിലവിൽ പ്രസിദ്ധീകരിച്ചതിന്റെ പേരിലായിരുന്നു നടപടി.

