വാഷിങ്ടൺ: കോവിഡ് വൈറസ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ മാസ്ക് ഉപയോഗം സംബന്ധിച്ച് നിർദ്ദേശം നൽകി ലോകാരോഗ്യ സംഘടന. ദീർഘദൂര വിമാനയാത്രകൾ ചെയ്യുന്നവരോട് മാസ്‌കുകൾ ധരിക്കണമെന്ന് അതാത് രാജ്യങ്ങൾ നിർദ്ദേശം നൽകണമെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുള്ളത്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പുതിയ ഒമിക്രോൺ വകഭേദങ്ങളുടെ തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന ഇത്തരമൊരു നിർദ്ദേശം നൽകിയത്.
XBB.1.5 വകഭേദം നിലവിൽ യൂറോപ്പിൽ കുറവാണെങ്കിലും രോഗവ്യാപന നിരക്കുകൾ വർദ്ധിച്ചികൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനം രൂക്ഷമായ ഇടങ്ങളിൽ ഉള്ളവരെല്ലാം ഈ നിർദേശം പാലിക്കുന്നതാണ് അഭികാമ്യമെന്ന് യൂറോപ്പിലെ ലോകാരോഗ്യസംഘടനയുടെ സീനിയർ എമർജൻസി ഓഫീസറായ കാതറിൻ സ്മാൾവുഡ് അറിയിച്ചു.
അമേരിക്കയിൽ നിലവിലെ കോവിഡ് വ്യാപനത്തിന്റെ 27.6 ശതമാനവും XBB.1.5 വകഭേദം മൂലമാണെന്നാണ് പുറത്തു വരുന്ന വിവരം. ചൈന ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ വ്യാപനത്തിന് പിന്നിലും ബി.എഫ്.7, XBB.1.5 തുടങ്ങിയ വകഭേദങ്ങളാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജപ്പാനിൽ കോവിഡ് നിരക്കും മരണ നിരക്കും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

