സംസ്ഥാനത്ത് പച്ച മുട്ട ചേർത്ത മയൊണൈസ് നിരോധിച്ചു; ഹോട്ടലുകളുടെ പിന്തുണ അഭ്യർത്ഥിച്ച് വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ച മുട്ട ചേർത്ത മയൊണൈസ് നിരോധിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. മയൊണൈസിനായി പാസ്റ്റണേസ് മുട്ട ഉപയോഗിക്കാം. വെജിറ്റബിൾ മയൊണൈസും ഉപയോഗിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ പരിശോധനയിൽ ഹോട്ടലുകളുടെ പിന്തുണയും ആരോഗ്യമന്ത്രി അഭ്യർത്ഥിച്ചു. ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസും രജിസ്‌ട്രേഷനും വേണം. ഭക്ഷണം പാകം ചെയ്യുന്നവർക്കും വിതരണക്കാർക്കും ഹെൽത്ത് കാർഡ് വേണം. ഓരോ സ്ഥാപനത്തിലും ഫുഡ് സേഫ്റ്റി സൂപ്പർവൈസർ ഉണ്ടാകണം. പാഴ്‌സലുകളിൽ സമയം രേഖപ്പെടുത്തുകയും സ്റ്റിക്കർ പതിപ്പിക്കുകയും വേണമെന്നും വീണാ ജോർജ് നിർദ്ദേശം നൽകി.

എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോൾഫ്രീ നമ്പർ പ്രദർശിപ്പിക്കണം. ജീവനക്കാർ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം. എല്ലാവരും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശീലനം നേടിയിരിക്കണം. സ്ഥാപനം ചെറുതോ വലുതോ എന്നല്ല, ശുചിത്വം വളരെ പ്രധാനമാണ്. ഭക്ഷ്യ സുരക്ഷാ രംഗത്ത് സംഘടനാ പ്രതിനിധികൾ സഹകരണം ഉറപ്പ് നൽകി. സംഘടനകൾ സ്വന്തം നിലയിൽ ടീം രൂപീകരിച്ച് പരിശോധിച്ച് പോരായ്മകൾ നികത്തുകയും ശുചിത്വം ഉറപ്പ് വരുത്തുകയും ചെയ്യുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.