അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്; താരിഖ് അൻവറിനോടോ ഹൈക്കന്മാഡിനോടോ തർക്കമില്ലെന്ന് ശശി തരൂർ

മലപ്പുറം: എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന് മറുപടിയുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും താരിഖ് അൻവറിനോടോ ഹൈക്കന്മാഡിനോടോ തനിക്ക് തർക്കമില്ലെന്നും ശശി തരൂർ വ്യക്തമാക്കി.

നേതാക്കൾക്ക് പല ആഗ്രഹങ്ങളുണ്ടാകാമെങ്കിലും പാർട്ടിയിൽ സ്ഥാനാർത്ഥി നിർണ്ണയത്തിന് ചില രീതികളുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞിരുന്നു. കേരളത്തിൽ നിയമസഭയിലേക്ക് മത്സരിക്കാൻ താൽപര്യമുണ്ടെന്നും, മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്നുമുള്ള ശശി തരൂരിന്റെ പ്രസ്താവനയെ തുടർന്നാണ് താരിഖ് അൻവർ ഇക്കാര്യം പറഞ്ഞത്. ഇതിന് പിന്നാലെയാണ് ശശി തരൂരിന്റെ പ്രതികരണം.

താൻ പോകുന്നത് ക്ഷണം ലഭിച്ച പരിപാടികളിൽ പങ്കെടുക്കാനാണ്. സംസ്ഥാനത്ത് വിവിധ പരിപാടികളിൽ താൻ പങ്കെടുക്കുന്നത് പുതിയ കാര്യമല്ലെന്നും തരൂർ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാനാകില്ല. തനിക്കെതിരെയുള്ള വിമർശനത്തിന്റെ കാരണം വിമർശിക്കുന്നവരാണ് പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.