അഫ്ഗാനിൽ ചാവേർ ബോംബ് ആക്രമണം; 20 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

കാബൂൾ: അഫ്ഗാനിൽ ചാവേർ ബോംബ് ആക്രമണം. കാബൂളിലെ വിദേശകാര്യമന്ത്രാലയത്തിന് സമീപമാണ് ചാവേർ ആക്രമണം നടന്നത്. സ്‌ഫോടനത്തിൽ 20 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിദേശകാര്യമന്ത്രാലയത്തിനുള്ളിൽ സ്‌ഫോടകവസ്തുക്കളുമായി കടന്നുകയറുക എന്ന ലക്ഷ്യത്തോടെയെത്തിയ ഭീകരനാണ് ചാവേറായി പൊട്ടിത്തെറിച്ചത്.

ചൈനീസ് പ്രതിനിധി സംഘം താലിബാനുമായി ചർച്ച നടത്തുന്ന സമയത്താണ് സ്‌ഫോടനം നടന്നത്. ഇവരെ ലക്ഷ്യം വെച്ചാണ് ചാവേർ എത്തിയതെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി താലിബാൻ വൃത്തങ്ങൾ അറിയിച്ചു. മേഖലയിൽ സുരക്ഷയും നിരീക്ഷണവും വർദ്ധിപ്പിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.