പത്തനംതിട്ട: ശബരിമലയിലെ അരവണ നിർമ്മാണം താൽകാലികമായി നിർത്തി ദേവസ്വം ബോർഡ്. ഭക്ഷ്യയോഗ്യമല്ലാത്ത ഏലക്ക ഉപയോഗിച്ചുള്ള അരവണ നിർമ്മാണം നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് അരവണ നിർമ്മാണം താത്ക്കാലികമായി നിർത്തിവെയ്ക്കാൻ തീരുമാനിച്ചത്.
കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നൽകിയ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയിൽ അരവണ നിർമ്മാണം നിർത്താൻ കോടതി ഉത്തരവിട്ടത്. അരവണയിൽ ഉപയോഗിക്കുന്ന ഏലയ്ക്കയിൽ അനുവദനീയമായതിലും കൂടുതൽ കീടനാശിനി ഉണ്ടെന്നായിരുന്നു പരിശോധന ഫലത്തിൽ വ്യക്തമാക്കിയിട്ടുണ്ടായിരുന്നത്. അരവണ നിർമ്മാണം താൽക്കാലികമായി നിർത്തി വെച്ചതായി കോടതി ഉത്തരവിന് പിന്നാലെ ദേവസ്വം പ്രസിഡന്റ് പറഞ്ഞു. ഏലക്കയില്ലാതെ അരവണ നിർമ്മാണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ശബരിമലയിൽ അരവണ പായസത്തിൽ ഉപയോഗിക്കുന്ന ഏലയ്ക്കയിൽ 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതായാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി നൽകിയിരിക്കുന്ന റിപ്പോർട്ട്. അരവണയിൽ ഉപയോഗിക്കുന്ന ഏലയ്ക്ക ഭക്ഷ്യയോഗ്യമല്ലെന്നും ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിദ്ധ്യം ഈ ഏലയ്ക്കയിലുണ്ടെന്നും ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ലെന്നുമാണ് ഈ റിപ്പോർട്ട് വിശദമാക്കുന്നത്. കൊച്ചി സ്പൈസസ് ബോർഡ് ലാബിൽ നടത്തിയ പരിശോധന ഫലമാണ് റിപ്പോർട്ടിൽ നൽകിയിട്ടുള്ളത്.

