മുഖ്യമന്ത്രിയാകാൻ യോഗ്യൻ; തരൂരിനു കിട്ടുന്ന സ്വീകാര്യതയിൽ ആരും അസ്വസ്ഥരാകേണ്ടതില്ലെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: ശശി തരൂരിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവർക്ക് അയോഗ്യത ഉണ്ടെന്ന് അർഥമില്ലെന്നും തരൂരിനു മതനേതാക്കളുടെ പിന്തുണയുള്ളതു നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചകൾ വേണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമസഭയിലേക്ക് മത്സരിക്കാൻ താൻ ആഗ്രഹിച്ചു. എന്നാൽ, പിന്നെ വേണ്ടെന്നു തോന്നി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ് മത്സരം നടത്താറില്ല. ഭൂരിപക്ഷം കിട്ടുമ്പോൾ ആരു മുഖ്യമന്ത്രി എന്ന ചർച്ചയ്ക്ക് ഈ ഘട്ടത്തിൽ പ്രസക്തിയില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് എംഎൽഎമാരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് പാർട്ടി നേതാവിനെ നിശ്ചയിക്കുക. നിയമസഭയിലേക്ക് കാലാവധി കഴിയാൻ മൂന്നേകാൽ വർഷം ബാക്കിയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പാണ് ആദ്യം വരുന്നത്. പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പ്. രണ്ടു കടമ്പയും കടക്കലാണ് ഇപ്പോൾ പാർട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തരൂരിനു കിട്ടുന്ന സ്വീകാര്യതയിൽ ആരും അസ്വസ്ഥരാകേണ്ടതില്ല. എല്ലാ മതവിഭാഗത്തിലുംപെട്ടവർ അദ്ദേഹത്തെ അനുകൂലിക്കുന്നത് നല്ല കാര്യമായി കാണുക. അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. അടുത്ത തവണ സിറ്റിങ് സീറ്റായ വടകരയിൽ നിന്നു ലോക്സഭയിലേക്കു മത്സരിക്കാനാണു തന്റെ ആഗ്രഹം. എന്നാൽ ആഗ്രഹം പ്രകടിപ്പിക്കാനേ കഴിയൂ. തീരുമാനിക്കേണ്ടത് പാർട്ടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.