തിരുവനന്തപുരം: ടിക്കറ്റ് നിരക്ക് വർദ്ധനവിനെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ വിശദീകരണവുമായി കായികമന്ത്രി വി. അബ്ദുറഹിമാൻ. പാവപ്പെട്ടവൻ ക്രിക്കറ്റ് കളികാണേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ടിക്കറ്റ് ചാർജ് വർദ്ധനയെ കുറിച്ചാണ് പറഞ്ഞതെന്നും തെറ്റിദ്ധാരണയുടെ പേരിലാണ് വിവാദമെന്നും അദ്ദേഹം പ്രതികരിച്ചു.
പാവപ്പെട്ടവൻ കളി കാണേണ്ട എന്നല്ല, അസോസിയേഷൻ ഇത്രയധികം ടിക്കറ്റ് ചാർജ് ഈടാക്കുമ്പോൾ സാധാരണക്കാർ കളികാണേണ്ട എന്നായിരിക്കും അവർ ഉദ്ദേശിക്കുന്നത് എന്നാണ് താൻ പറഞ്ഞതെന്ന് മന്ത്രി അറിയിച്ചു. കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റിന്റെ വിനോദ നികുതി കുത്തനെ കൂട്ടിയ വിമർശനങ്ങളോട് പ്രതികരിക്കവെ അബ്ദുറഹിമാൻ നടത്തിയ പരാമർശമാണ് വിവാദങ്ങൾക്കിടയാക്കിയത്.
നാട്ടിൽ അമിതമായ വിലക്കയറ്റമാണ് അതുകൊണ്ട് ടിക്കറ്റ് നിരക്ക് കുറച്ചുകൊടുക്കണം എന്നൊരു വാദം കേട്ടു. അങ്ങനെ പട്ടിണി കിടക്കുന്നവർ കളി കാണാൻ പോവണ്ടെന്നായിരുന്നു മന്ത്രി പറഞ്ഞത്. വലിയ വിമർശനങ്ങളാണ് ഈ പരാമർശത്തിനെതിരെ ഉയർന്നത്.
ഇത്തരം കളികൾക്ക് എന്തിന് നികുതി കുറച്ചു കൊടുക്കണമെന്നും അതിന്റെ ആവശ്യകതയെന്തെന്നും അദ്ദേഹം ചോദിച്ചിരുന്നു.

