അവിഹിത സ്വത്ത് സമ്ബാദന ആരോപണം; ഇ.പി ജയരാജന് എങ്ങനെ എല്‍.ഡി.എഫ് കണ്‍വീനറായി തുടരാന്‍ സാധിക്കുമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: അവിഹിത സ്വത്ത് സമ്ബാദന ആരോപണത്തില്‍ ഇ പി ജയരാജനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇ.പി ജയരാജനെതിരായ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുമ്ബില്‍ യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍

‘ആരോപണത്തിന്റെ പശ്ചാത്തലത്തില്‍, ഇ.പി ജയരാജന് എങ്ങനെ എല്‍.ഡി.എഫ് കണ്‍വീനറായി തുടരാന്‍ സാധിക്കും? 100 കോടിയുടെ നിക്ഷേപമാണ് റിസോര്‍ട്ടിലുള്ളത്. കൂടാതെ, ക്വാറി, റിസോര്‍ട്ട് മാഫിയകളെല്ലാം നിക്ഷേപകരാണ്. പാര്‍ട്ടിയില്‍ ഉയര്‍ന്ന ആരോപണം പറഞ്ഞ് തീര്‍ക്കേണ്ടതാണോ? സിപിഎം തന്നെ വിജിലന്‍സും പൊലീസുമായി ആരോപണം തീര്‍പ്പാക്കി. ലീഗ് നേതാവ് കെ.എം ഷാജിയുടെ വീടിന്റെ അളവ് പരിശോധിക്കാന്‍ വിജിലന്‍സ് മൂന്നു തവണയാണ് പോയത്. പൊലീസിനെ ഭരണകൂടത്തിന്റെ ഉപകരണമാക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. നരേന്ദ്ര മോദി കേന്ദ്രത്തില്‍ ചെയ്യുന്നത് പിണറായി കേരളത്തില്‍ ചെയ്യുന്നു. സജി ചെറിയാന്‍ രാജിവെച്ചപ്പോഴുണ്ടായ സാഹചര്യത്തില്‍ എന്ത് മാറ്റമുണ്ടായിട്ടാണ് അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കിയത്? കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ജീര്‍ണിച്ചു. പട്ടിണി കിടക്കുന്നവന്‍ ക്രിക്കറ്റ് കളി കാണാന്‍ വരേണ്ടെന്ന് മന്ത്രി പറയുന്ന നാടായി കേരളം മാറി. പശ്ചിമ ബംഗാളിലെ സിപിഎമ്മിനുണ്ടായ ഗതി കേരളത്തിലുണ്ടാവും. സമരത്തോട് സിപിഎമ്മിന് ഇപ്പോള്‍ പുച്ഛമാണ്. അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് കേരളത്തിലെ പാര്‍ട്ടിയില്‍ കാണുന്നത്. കശ്മീരി സ്വീറ്റ്സില്‍ ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് ഒത്തുതീര്‍ന്നു. ഗവര്‍ണര്‍ -സര്‍ക്കാര്‍ പോര് പ്രഹസനമാണ്. ഒന്നാം പിണറായി സര്‍ക്കാറിന്റെ അഴിമതി സ്മാരകമാണ് റിസോര്‍ട്ട്. സമരവുമായി യു.ഡി.എഫ് മുന്നോട്ടുപോകും.’