രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരില്‍ 79% പേരും ഉയര്‍ന്ന ജാതിക്കാരെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരില്‍ 79% പേരും ഉയര്‍ന്ന ജാതിയില്‍ നിന്നുള്ളവരെന്നു കേന്ദ്ര നിയമ മന്ത്രാലയം അറിയിച്ചു. 2018 മുതല്‍ 2022 ഡിസംബര്‍ 19 വരെയുള്ള കാലയളവില്‍ ഹൈക്കോടതികളില്‍ നിയമിതരായ 537 ജഡ്ജിമാരില്‍ 79 ശതമാനം പേരും ജനറല്‍ വിഭാഗത്തില്‍ നിന്നുള്ളവരും 11 ശതമാനം മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും 2.6 ശതമാനം ന്യൂനപക്ഷങ്ങളില്‍ നിന്നുള്ളവരുമാണ്.

അതേസമയം, എസ് സി, എസ് ടി വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ സാന്നിധ്യം യഥാക്രമം 2.8, 1.3 ശതമാനം മാത്രമാണെന്നും ബിജെപി എംപി സുശീല്‍ മോദി അധ്യക്ഷനായ സമിതിക്ക് മുമ്പാകെ മന്ത്രാലയത്തിലെ നീതിന്യായ വകുപ്പ് സമര്‍പ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.

ജഡ്ജി നിയമനത്തിലെ കൊളീജിയം രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ അതൃപ്തി വ്യക്തമാക്കുകയും നിയമന നടപടി വൈകിപ്പിക്കുകയും ചെയ്യുന്നതു സംബന്ധിച്ച വിവാദങ്ങള്‍ക്കിടെയാണ് ഈ കണക്കുകള്‍ പുറത്ത് വരുന്നത്.