സംസ്ഥാനത്തെ നിയമസഭാ സാമാജികരുടെ ശമ്ബളം 35 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ; കൂടുതല്‍ അറിയാം

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ സാമാജികരുടെ ശമ്ബളം 35 ശതമാനം വരെ വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ ജസ്റ്റിസ് (റിട്ട.) സി.എന്‍. രാമചന്ദ്രന്‍നായര്‍ സര്‍ക്കാറിന് കൈമാറിയതോടെ വൈകാതെ തന്നെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്ബളവും അലവന്‍സുകളും പെന്‍ഷനും അടക്കം വര്‍ധിക്കും. സംസ്ഥാനത്തെ മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ചീഫ് വിപ്പിന്റെയും ശമ്ബളം അലവന്‍സുകളും ചേര്‍ന്ന് 96,000 രൂപയാണ്. ഇത് ഏകദേശം 1.2 ലക്ഷവും എംഎല്‍എ.മാരുടേത് 70,000-ല്‍നിന്ന് ഒരുലക്ഷത്തിലധികവും ആയി വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചാല്‍ മാര്‍ച്ച് 30-നുമുമ്ബ് സഭയില്‍ ബില്ലായി എത്തും.

8,000 രൂപ മുതല്‍ 20,000 രൂപവരെയുള്ള പെന്‍ഷന്‍ 11,000 മുതല്‍ 27,000 രൂപവരെയാവും. ഒരുദിവസമെങ്കിലും എംഎല്‍എ ആയിരുന്നവര്‍ക്ക് നിലവില്‍ 8,000 രൂപയും അഞ്ചുവര്‍ഷം എംഎല്‍എ ആയിരുന്നവര്‍ക്ക് 20,000 രൂപയുമാണ്. മന്ത്രിമാര്‍ക്ക് യാത്രപ്പടി കുറഞ്ഞത് 20,000 രൂപ ലഭിക്കും. ഇതിലധികം യാത്രചെയ്താല്‍ മന്ത്രിമാര്‍ക്ക് കിലോമീറ്ററിന് 15 രൂപയും എംഎല്‍എ.മാര്‍ക്ക് 10 രൂപയും ലഭിക്കും. എല്ലാ എംഎല്‍എ.മാര്‍ക്കും ജീവിത പങ്കാളിക്കുകൂടിചേര്‍ത്ത് വര്‍ഷം മൂന്നുലക്ഷം രൂപയുടെ യാത്രക്കൂപ്പണ്‍ അനുവദിക്കും. ഇതില്‍ 50,000 രൂപയ്ക്ക് വിമാനയാത്ര നടത്താം. സഭാസമ്മേളനമോ അതുമായി ബന്ധപ്പെട്ട യോഗങ്ങളോ ഉള്ളപ്പോള്‍ ദിവസം 1000 രൂപയും കേരളത്തിനുപുറത്ത് 1200 രൂപയും ദിനബത്തയുണ്ട്. ഈ അലവന്‍സുകളും വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. എംഎല്‍എക്കും ജീവിതപങ്കാളിക്കും ചികിത്സയ്ക്കുള്ള യഥാര്‍ഥചെലവും ലഭിക്കും. ഇത് മുന്‍ എംഎല്‍എ.മാര്‍ക്കും ബാധകമാണ്. പുസ്തകംവാങ്ങാന്‍ വര്‍ഷം 15,000 രൂപയനുവദിക്കും.

അതേസമയം, മറ്റ് സംസ്ഥാനങ്ങളിലെ എംഎല്‍എമാരുടെ ശമ്ബളം പരിശോധിച്ചാല്‍ കേരളത്തിലെ എംഎല്‍എമാരാണ് ഏറ്റവും കുറവ് അടിസ്ഥാന ശമ്ബളം വാങ്ങുന്നത്. 2,000 രൂപയാണ് കേരളത്തിലെ എംഎല്‍എമാരുടെ അടിസ്ഥാന ശമ്ബളം. അതിന് പുറമെ മറ്റ് അലവന്‍സായി എംഎല്‍എമാര്‍ക്ക് 68,000 രൂപയും ലഭിക്കുന്നുണ്ട്. ഇതോടെ 70,000 രൂപയാണ് മൊത്തം ശമ്ബളമായി ലഭിക്കുന്നത്. ഇതിന് പുറമെ വിമാന യാത്ര, സൗജന്യ ട്രെയിന്‍, ബസ് യാത്ര, ഓരോരുത്തര്‍ക്കും ഇന്ധനമടിക്കാന്‍ നിശ്ചിത തുക അങ്ങനെ ടി.എ, ഡി.എ ഇനത്തില്‍ മറ്റൊരു തുകയും ലഭിക്കുന്നു.

എംഎല്‍എമാരുടെ ആനുകൂല്യങ്ങള്‍ ഒറ്റനോട്ടത്തില്‍:

കേരളത്തിനകത്തും പുറത്തുമുള്ള റോഡ് യാത്രയ്ക്ക് കിലോമീറ്ററിന് 10 രൂപ

ട്രെയിന്‍ യാത്രഫസ്റ്റ് ക്ലാസ്, എസി ടിക്കറ്റ് ചാര്‍ജിന് പുറമേ കിലോമീറ്ററിന് 25 പൈസ നിരക്കില്‍ ലഭിക്കും

വാഹന ഇന്ധനം മൂന്ന് ലക്ഷം രൂപ ഒരു വര്‍ഷത്തേക്ക്

നിയമസഭാ സമ്മേളനം ഉള്‍പ്പെടെയുള്ള ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കുമ്‌ബോള്‍ അലവന്‍സ് കേരളത്തില്‍ ദിവസം – 1000 രൂപ.

കേരളത്തിനു പുറത്ത് ഡിഎ ദിവസം- 1200 രൂപ

യോഗങ്ങളില്‍ പങ്കെടുക്കാനുള്ള വിമാന യാത്രാക്കൂലി – 50000 രൂപ (ഒരു വര്‍ഷത്തേക്ക്)

മെട്രോ പൊളിറ്റന്‍ നഗരങ്ങള്‍ സന്ദര്‍ശിക്കുമ്‌ബോള്‍ നല്‍കുന്ന ആനുകൂല്യം 3500 രൂപ

ചികിത്സാ ചെലവ് മുഴുവന്‍ മടക്കിക്കിട്ടും

പലിശരഹിത വാഹന വായ്പ 10 ലക്ഷം രൂപ വരെ

ഭവന വായ്പ അഡ്വാന്‍സ്- 20 ലക്ഷം വരെ

പുസ്തകങ്ങള്‍ വാങ്ങാന്‍ പ്രതിവര്‍ഷം 15000 രൂപ

കെ.എസ്.ആര്‍.ടി.സി ബസിലും ബോട്ടിലും സൗജന്യയാത്ര

സര്‍ക്കാര്‍ ചെലവില്‍ ഇരുപത് ലക്ഷം രൂപയില്‍ കൂടാത്ത തുകയ്ക്ക് അപകട ഇന്‍ഷുറന്‍സ്

കേരളത്തിലെ മന്ത്രിമാരുടെ ആനുകൂല്യങ്ങള്‍

തിരുവനന്തപുരത്തും അതിനോട് ചേര്‍ന്നുള്ള 8 കിലോമീറ്റര്‍ പരിധിയിലും സഞ്ചരിക്കാന്‍ 17,000 രൂപയുടെ ഇന്ധനം നിറയ്ക്കാം.

കേരളത്തിന് അകത്തും പുറത്തും റോഡ് യാത്രയ്ക്ക് കിലോമീറ്ററിനു 15രൂപ അലവന്‍സ്

കേരളത്തിനകത്തെ യാത്രകളില്‍ താമസത്തിനു ദിവസേന 1000 രൂപ അലവന്‍സ്

ട്രെയിന്‍ യാത്രഫസ്റ്റ് ക്ലാസ് എസി യാത്ര

സംസ്ഥാനത്തിനകത്തും പുറത്തും വിമാന യാത്ര സൗജന്യം

ഔദ്യോഗിക വസതിയും ടെലഫോണും

കെ.എസ്.ആര്‍.ടി.സിയിലും സര്‍ക്കാര്‍ ബോട്ടുകളിലും സൗജന്യയാത്ര

ചികിത്സാ ചെലവ് മുഴുവന്‍ മടക്കിക്കിട്ടും

സംസ്ഥാനത്തിനു പുറത്തുള്ള യാത്രകളില്‍ 1500 രൂപ ദിവസേന യാത്രാബത്ത