കണ്ണൂർ: പട്ടിണി കിടക്കുന്നവർ കളി കാണാൻ പോകണ്ടെന്ന സംസ്ഥാന കായികമന്ത്രി വി അബ്ദുറഹ്മാന്റെ പരാമർശത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പട്ടിണി കിടക്കുമ്പോൾ ഇതൊക്കെ ആസ്വദിക്കുക എന്നത് പ്രയാസമായിരിക്കുമെന്നും ഇതാണ് മന്ത്രി ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പട്ടിണി കിടക്കുന്നവർക്ക് ആസ്വാദനത്തിൽ പ്രയാസമുണ്ടാകും. പട്ടിണി കിടക്കുന്നവരും കിടക്കാത്തവരും ചേർന്നാണു കളി കാണുന്നത്. അതാകും മന്ത്രി ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്ത് ഏറ്റവും കൂടുതൽ കളി കണ്ടത് ഫുട്ബോളാണ്. കഴിഞ്ഞ ലോകകപ്പാണ് ലോകം കണ്ട ഏറ്റവും കൂടുതൽ ജനപങ്കാളിത്തമുള്ള മത്സരവീക്ഷണം. പട്ടിണി കിടക്കുന്നവനും പട്ടിണി കിടക്കാത്തവനുമെല്ലാം ഹാപ്പിനെസ്സിന്റെ ഭാഗമായിട്ടാണ് ഇതെല്ലാം കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം കാര്യവട്ടത്ത് നടക്കാനിരിക്കുന്ന ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നിരക്കിന് ഏർപ്പെടുത്തിയ കൂടിയ വിനോദ നികുതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകവെയായിരുന്നു കായിക മന്ത്രി വി അബ്ദുറഹ്മാൻ പട്ടിണി കിടക്കുന്നവർ കളി കാണാൻ പോകണ്ടയെന്ന് പറഞ്ഞത്. ഇത്തരം കളികൾക്ക് എന്തിന് നികുതി കുറച്ചു കൊടുക്കണമെന്നും അതിന്റെ ആവശ്യകതയെന്തെന്നും അദ്ദേഹം ചോദിച്ചിരുന്നു.

