21-ാം നൂറ്റാണ്ടിലെ കൗരവരാണ് ആർഎസ്എസ്; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ചണ്ഡിഗഡ്: ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 21-ാം നൂറ്റാണ്ടിലെ കൗരവരാണ് ആർഎസ്എസുകാരാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്ര ഹരിയാനയിലെ അംബാല ജില്ലയിൽ എത്തിയപ്പോൾ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മഹാഭാരതത്തിന്റെ നാടാണ് ഹരിയാന. ആരായിരുന്നു കൗരവരെന്ന് അദ്ദേഹം ചോദിക്കുന്നു. 21-ാം നൂറ്റാണ്ടിലെ കൗരവരെക്കുറിച്ച് താൻ ആദ്യം നിങ്ങളോട് പറയും, അവർ കാക്കി ട്രൗസർ ധരിക്കുന്നു. അവർ കൈയിൽ ലാത്തി പിടിക്കുകയും ശാഖയിൽ പോകുകയും ചെയ്യുന്നു. ഇന്ത്യയിലെ രണ്ടുമൂന്ന് ശതകോടീശ്വരന്മാർ കൗരവർക്കൊപ്പം നിൽക്കുന്നുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

പാണ്ഡവർ നോട്ട് നിരോധനം നടത്തിയോ, തെറ്റായ ജിഎസ്ടി നടപ്പാക്കിയിരുന്നോ? അവർ എപ്പോഴെങ്കിലും അങ്ങനെ ചെയ്യുമായിരുന്നോ? ഒരിക്കലുമില്ല, എന്തുകൊണ്ട്? അവർ തപസ്വികളായിരുന്നതിനാലാണ്. നോട്ട് നിരോധനം, തെറ്റായ ജിഎസ്ടി, കാർഷിക നിയമങ്ങൾ എന്നിവ ഈ നാട്ടിലെ തപസ്വികളിൽ നിന്ന് മോഷ്ടിക്കാനുള്ള മാർഗമാണെന്ന് അവർക്ക് അറിയാമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ തീരുമാനങ്ങളിൽ ഒപ്പുവച്ചു. എന്നാൽ നിങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും, ഇന്ത്യയിലെ രണ്ടുമൂന്ന് ശതകോടീശ്വരന്മാരുടെ ശക്തി ഇതിന് പിന്നിലുണ്ടായിരുന്നു. ജനങ്ങൾക്ക് ഇത് മനസ്സിലാകുന്നില്ല. പക്ഷേ അന്നത്തെ പോരാട്ടം ഇന്നും അങ്ങനെ തന്നെ. പാണ്ഡവർ ഈ മണ്ണിൽ വിദ്വേഷം പടർത്തുന്നതായും നിരപരാധിയായ ഒരു വ്യക്തിക്കെതിരെ എന്തെങ്കിലും ചെയ്യുന്നതായും കേട്ടിട്ടുണ്ടോയെന്നും രാഹുൽ ഗാന്ധി ചോദിക്കുന്നു.

ഒരു വശത്ത് ഈ അഞ്ച് തപസ്വികൾ ഉണ്ടായിരുന്നു. മറുവശത്ത് തിങ്ങിനിറഞ്ഞ ഒരു സംഘം ഉണ്ടായിരുന്നു. പാണ്ഡവരോടൊപ്പം എല്ലാ മതത്തിൽപ്പെട്ടവരും ഉണ്ടായിരുന്നു, ഈ ഭാരത് ജോഡോ യാത്ര പോലെ. ആരും ആരോടും എവിടെ നിന്ന് വരുന്നു എന്ന് ചോദിക്കുന്നില്ല. പാണ്ഡവർ അനീതിക്കെതിരെ നിലകൊണ്ടിരുന്നു, അവരും വിദ്വേഷത്തിന്റെ വിപണിയിൽ സ്‌നേഹത്തിന്റെ കട തുറന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.