ജാതിയല്ല കഴിവാണ് പ്രധാനം; ജാതീയ പ്രവർത്തനം നടത്തുന്നു എന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് ശശി തരൂർ

കൊച്ചി: ജാതിയല്ല കഴിവാണ് പ്രധാനമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ജാതീയ പ്രവർത്തനം നടത്തുന്നു എന്ന ആരോപണത്തിൽ കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തറവാടി നായരെന്ന പ്രയോഗത്തോട് പ്രതികരിക്കാൻ താത്പര്യപ്പെടുന്നില്ലെന്നും തരൂർ അറിയിച്ചു.

ഓർത്തഡോക്‌സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയനുമായി കഴിഞ്ഞ ദിവസം ശശി തരൂർ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കേരളത്തിൽ പ്രവർത്തിക്കണമെന്ന് കാതോലിക്കാ ബാവാ കൂടിക്കാഴ്ച്ചയിൽ തരൂരിനോട് ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിൽ കേരളത്തിനായി പ്രവർത്തിച്ച് വരികയായിരുന്നു എന്നും സജീവമായി സംസ്ഥാന രാഷ്ട്രീയത്തിലുണ്ടാകുമെന്നും അദ്ദേഹം ഇതിന് മറുപടി നൽകി. കോൺഗ്രസിനെതിരെ ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ വലിയ വിമർശനം ഉന്നയിച്ചിട്ടുണ്ട്. തുടർച്ചയായി പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നത് കോൺഗ്രസിന്റെ അപചയമാണെന്നും കൂട്ടായ്മ നഷ്ടപ്പെട്ടതാണ് തുടർ പരാജയങ്ങളിലേയ്ക്ക് വഴിവെച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ചുള്ള സൂചനകളും ശശി തരൂരിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. എല്ലാവരും ആവശ്യപ്പെടുമ്പോൾ എങ്ങനെ തള്ളിക്കളയുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.