ഏകദിന ക്രിക്കറ്റ് മത്സരത്തിന് വിനോദ നികുതി കുറയ്ക്കാനാവില്ല; കായിക മന്ത്രി

തിരുവനന്തപുരം: ഏകദിന ക്രിക്കറ്റ് മത്സരത്തിന് വിനോദ നികുതി കുറയ്ക്കാനാവില്ലെന്ന് മന്ത്രി വി.അബ്ദുറഹിമാൻ. 24 ശതമാനം വരെ നികുതി ഈടാക്കാമായിരുന്നെങ്കിലും 12 ശതമാനമായി നിശ്ചയിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങൾക്കും മറ്റും സർക്കാരും പണം ചെലവാക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കെസിഎയാണ് ടിക്കറ്റ് നിരക്ക് കുറയ്‌ക്കേണ്ടത്. സ്റ്റേഡിയം വൃത്തിയാക്കുന്ന തിരുവനന്തപുരം കോർപറേഷനും ഏറെ ചെലവുകളുണ്ടെന്നും അദ്ദേഹം വിശദമാക്കി. അതേസമയം, ടിക്കറ്റെടുത്ത് മത്സരം കാണാത്തവരാണ് വിമർശനവുമായി രംഗത്തെത്തുന്നതെന്ന് കഴിഞ്ഞ ദിവസം അബ്ദുറഹ്മാൻ പറഞ്ഞിരുന്നു. ടിക്കറ്റ് വില കുറയ്ക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചിരുന്നു. ടിക്കറ്റ് വിൽപ്പന മൂലമുള്ള നികുതി പണം കായിക മേഖലയിൽ തന്നെ വിനിയോഗിക്കുമെന്നാണ് മന്ത്രി വി അബ്ദുറഹ്മാൻ വ്യക്തമാക്കിയിട്ടുള്ളത്.

കഴിഞ്ഞ തവണ നികുതിയിളവ് ലഭിച്ചിട്ടും ജനങ്ങൾക്ക് ഗുണമുണ്ടായില്ല. ജീവിതത്തിൽ ടിക്കറ്റെടുത്ത് കളി കാണാത്തവരാണ് വിമർശിക്കുന്നത്. പട്ടിണി കിടക്കുന്നവർ കളി കാണാൻ പോകേണ്ടെന്നും സർക്കാരിന് കിട്ടേണ്ട പണം കിട്ടണമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മത്സരത്തിൽ ടിക്കറ്റ് നിരക്ക് കൂട്ടി പണം മുഴുവൻ ബിസിസിഐ കൊണ്ട് പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനുവരി 15 നാണ് ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരം നടക്കുന്നത്. അപ്പർ ടയറിന് 1,000, ലോവർ ടയറിന് 2,000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റുകളുടെ വില ക്രമീകരിച്ചിരിക്കുന്നത്. 18% ജിഎസ്ടി, 12% എന്റർടൈയിൻമെന്റ് ടാക്‌സ് എന്നിവ ഉൾപ്പെടെയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത്.