മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന പരസ്യങ്ങൾ ബസുകളിൽ പതിക്കില്ല; പുതിയ സ്‌കീം സമർപ്പിച്ച് കെഎസ്ആർടിസി

ന്യൂഡൽഹി: ബസുകളിൽ പരസ്യങ്ങൾ പതിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ സ്‌കീം സുപ്രീം കോടതിയിൽ സമർപ്പിച്ച് കെഎസ്ആർടിസി. കോടതി നിർദ്ദേശപ്രകാരമായിരുന്നു കെഎസ്ആർടിസി പുതിയ സ്‌കീം സമർപ്പിച്ചത്. മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെയും, കാൽനട യാത്രക്കാരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന പരസ്യങ്ങൾ ഇനി മുതൽ ബസുകളിൽ പതിക്കില്ലെന്നത് ഉൾപ്പെടെയുള്ള സ്‌കീമുകളാണ് കെഎസ്ആർടിസി സമർപ്പിച്ചിട്ടുള്ളത്.

പരസ്യങ്ങൾ പരിശോധിക്കുന്നതിനും അനുമതി നൽകുന്നതിനും എംഡിയുടെ അദ്ധ്യക്ഷതയിൽ സമിതി രൂപികരിക്കും, മോട്ടോർ വാഹന ചട്ടങ്ങൾ പാലിച്ച് ബസുകളുടെ വശങ്ങളിലും, പിൻഭാഗത്തും മാത്രമേ പരസ്യം പതിക്കുന്നുള്ളുവെന്ന് സമിതി ഉറപ്പ് വരുത്തും, പതിച്ച പരസ്യങ്ങൾക്ക് എതിരായ പരാതി പരിശോധിക്കുന്നതിന് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ അദ്ധ്യക്ഷതയിൽ സമിതിക്ക് രൂപം നൽകും തുടങ്ങിയവയാണ് പുതിയ സ്‌കീമിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റുള്ള നിർദ്ദേശങ്ങളെന്നാണ് പുറത്തു വരുന്ന വിവരം.

ബസുകളിൽ പരസ്യം പതിക്കുന്നതിനെതിരായ കേരള ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് കെ എസ് ആർ ടി സി നേരത്തെ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജി പരിഗണിക്കവെയാണ് പരസ്യങ്ങൾ നൽകുന്നത് സംബന്ധിച്ച് പുതിയ സ്‌കീം നൽകാൻ സുപ്രീംകോടതി കെഎസ്ആർടിസിയ്ക്ക് നിർദ്ദേശം നൽകിയത്. ബസുകളുടെ ഏതുഭാഗത്ത് പരസ്യം പതിക്കാമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇതിൽ വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കെഎസ്ആർടിസി പുതിയ സ്‌കീം അവതരിപ്പിച്ചത്.