തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയായി യുഡിഎഫ് ആരെയും ഉയർത്തിക്കാട്ടിയിരുന്നില്ലെന്ന് കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. എംഎൽഎമാർ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കട്ടെ എന്നായിരുന്നു യുഡിഎഫിന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. എൻഎസ്എസ് നേതൃത്വത്തിന്റെ വിമർശനത്തിന് മറുപടി നൽകവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയതിനാലാണ് തിരഞ്ഞെടുപ്പിൽ തോറ്റതെന്ന വാദത്തിൽ അർഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാക്കാലത്തും കോൺഗ്രസ് ഉയർത്തിപിടിക്കുന്നത് മതേതര നിലപാടാണ്. കഴിഞ്ഞ 45 വർഷമായി വ്യക്തിജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും മതേതര നിലപാട് ഉയർത്തിപ്പിടിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
താൻ എന്നും മതേതര നിലപാടിന്റെ ഭാഗമായിരിക്കും. അതിൽനിന്നും പിന്നോട്ടു പോകില്ല. സമുദായ നേതാക്കൾ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇടപെടുന്നതിനെക്കുറിച്ച് അവരോട് ചോദിക്കണം. താൻ എന്നും കോൺഗ്രസുകാരനാണെന്നും ഏറ്റവും വലുത് കോൺഗ്രസ് പാർട്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ഥാനങ്ങൾ നൽകിയതും വളർത്തിയതും പാർട്ടിയാണ്. പാർട്ടിയോടാണ് ഉത്തരവാദിത്തമുള്ളതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

