ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ തയാറാക്കാനുള്ള സമയം ദീർഘിപ്പിച്ചു. വീണ്ടും 6 മാസം കൂടി സമയ പരിധി നീട്ടി അനുവദിക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യത്തിന് രാജ്യസഭാ സ്ഥിരം സമിതി അംഗീകാരം നൽകി. ഏഴാം തവണയാണ് ചട്ടം വിജ്ഞാപനം ചെയ്യാനുള്ള സമയപരിധിയിൽ മന്ത്രാലയം സാവകാശം തേടുന്നത്.
ജൂൺ 30 വരെയാണു രാജ്യസഭ സമയം നീട്ടി നൽകിയത്. എന്നാൽ, വിഷയത്തിൽ ലോക്സഭാ സമിതിയുടെ തീരുമാനം ആയിട്ടില്ല. പാർലമെന്റ് നിയമം പാസാക്കി 6 മാസത്തിനകം ചട്ടങ്ങൾ തയാറാക്കണമെന്നാണ് വ്യവസ്ഥ. പൗരത്വ നിയമത്തിന്റെ കാര്യത്തിൽ സർക്കാർ തുടർച്ചയായി അവധി ചോദിക്കുകയാണ്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് വിഷയം നീണ്ടു പോയതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കുന്നത്.
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നൽകുന്നതിനുള്ളതാണ് നിയമം. ഹിന്ദു, സിഖ്, പാഴ്സി, ക്രിസ്ത്യൻ, ബുദ്ധ, ജൈന മതങ്ങളിൽപ്പെട്ട അഭയാർഥികൾക്കാണ് നിയമത്തിലൂടെ പൗരത്വം നൽകുക.

