അവതാര്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതില്‍ സന്തോഷം; മൂന്നാം ഭാഗത്തെപ്പറ്റി ഇപ്പോള്‍ ആശങ്കയില്ലെന്നും ജെയിംസ് കാമറൂണ്‍

അവതാര്‍ ദ വേ ഓഫ് വാട്ടര്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതില്‍ സന്തോഷമെന്ന് സംവിധായകന്‍ ജെയിംസ് കാമറൂണ്‍. ചിത്രത്തിന്റെ മൂന്നാം ഭാഗം ഇറക്കുന്നതിനെപറ്റി ഇപ്പോ ആശങ്കയില്ലെന്നും കാമറൂണ്‍ പറഞ്ഞു. എന്നാല്‍, അവതാര്‍ 3 ഷൂട്ട് കഴിഞ്ഞിട്ടുണ്ട്. 4ഉം 5ഉം എഴുതിത്തീര്‍ന്നിട്ടുണ്ടെന്നും കാമറൂണ്‍ പറഞ്ഞു. അവതാര്‍ 3 നിലവില്‍ 2024 ഡിസംബര്‍ 20-നും അവതാര്‍ 4 ഡിസംബര്‍ 18, 2026-നും അവതാര്‍ 5 2028 ഡിസംബര്‍ 22-നും തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്.

അതേസമയം, 1.5 ബില്യണ്‍ ഡോളര്‍ അതായത് 12,341 കോടി രൂപയാണ് ചിത്രം ലോകമെമ്ബാടുമുള്ള തിയറ്ററുകളില്‍ നിന്നായി നേടിയത്. റിലീസ് ചെയ്ത ആദ്യ ദിവസങ്ങള്‍ക്ക് ശേഷം ചിത്രം ബോക്സ് ഓഫീസ് പ്രകടനം മന്ദഗതിയിലായിരുന്നു. ആ സമയത്ത് ചിത്രം അതിന്റെ മുതല്‍മുടക്ക് തിരിച്ച് പിടിക്കാന്‍ 2 മില്യണ്‍ കൂടി വേണമെന്ന് പറഞ്ഞിരുന്നു. ചിത്രത്തിന്റെ സീക്വലിനെ പറ്റിയും അന്ന് കാമറൂണ്‍ വിട്ട് പറഞ്ഞില്ല. തുടര്‍ന്ന് ചിത്രം ബോക്സ് ഓഫീസ് കുതിപ്പ് ആരംഭിച്ചപ്പോഴാണ് തുടര്‍ഭാഗങ്ങളെ കുറിച്ച് മനസ് തുറന്നത്. എന്നാല്‍ ചിത്രം കളക്ഷനില്‍ ലോക റെക്കോര്‍ഡ് ഇടണമെന്ന് മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും ഒരു സംഖ്യ പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

42 കോടിക്ക് മുകളിലാണ് ആദ്യ ദിനത്തില്‍ മാത്രം ചിത്രം ഇന്ത്യയില്‍ നിന്ന് സ്വന്തമാക്കിയത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ആദ്യ ദിനത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമെന്നതാണ് ആ നേട്ടമായിരുന്നു അത്. സമീപകാലത്തെ ഇന്ത്യന്‍ ചിത്രങ്ങള്‍ക്കൊന്നും നേടാന്‍ പറ്റാത്ത റെക്കോര്‍ഡ് കളക്ഷനുമായി തിയറ്ററുകളില്‍ തുടരാനും അവതാര്‍ ദ വേ ഓഫ് വാട്ടറിനായി. റിലീസ് ചെയ്ത ആദ്യ വീക്കെന്റില്‍ 129 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. 4000 സ്‌ക്രീനുകളിലാണ് ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്തത്. 2019 ല്‍ വെറും 2800 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത അവഞ്ചേഴ്സ് എന്‍ഡ് ഗെയിമിന്റെ 53 കോടി രൂപയെന്ന ഫസ്റ്റ് ഡേ കളക്ഷന്‍ മറി കടക്കാന്‍ സാധിച്ചില്ല എന്നത് മറ്റൊരു വസ്തുതയാണ്. 2009ല്‍ ‘അവതാര്‍’ ഇറങ്ങിയപ്പോള്‍ പിറന്നത് വലിയ റെക്കോര്‍ഡ് നേട്ടങ്ങളായിരുന്നു. 237 മില്യണ്‍ യുഎസ് ഡോളര്‍ ചിലവില്‍ വന്ന ചിത്രം ആകെ 2.8 ബില്യണ്‍ യുഎസ് ഡോളറാണ് വാരിക്കൂട്ടിയത്. ജെയിംസ് കാമറൂണിന്റെ തന്നെ ‘ടൈറ്റാനിക്’ കുറിച്ച റെക്കോര്‍ഡാണ് അന്ന് ‘അവതാര്‍’ തകര്‍ത്തത്.