ന്യൂയോർക്ക്: നമ്മളെ എല്ലാവരെയും അതിശയിപ്പിക്കുന്ന രീതിയിലാണ് ഇന്ന് സാങ്കേതിക വിദ്യയുടെ വളർച്ച. വിവിധ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനം ശക്തമായിക്കൊണ്ടിരിക്കുകയാണ്. കോടതിയിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് ഉള്ള റൊബോട്ട് വക്കീൽ വാദിക്കാനെത്തുന്ന സന്ദർഭത്തിന് വരെ ലോകം സാക്ഷ്യം വഹിക്കും. ഇത്തരത്തിൽ ഒരു കേസ് അടുത്ത മാസം അമേരിക്കയിലെ കോടതിയിൽ വരുന്നുണ്ട്. കേസിലെ പ്രതിഭാഗം എഐ സഹായത്തോടെയാണ് കേസ് വാദിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡൂനോട്ട്‌പേ (DoNotPay)നിർമ്മിച്ച എഐയാണ് പ്രതിഭാഗം ഉപയോഗിക്കുന്നത്. ഫെബ്രുവരിയിൽ കോടതി പരിഗണിക്കുന്ന കേസിലെ വിവരങ്ങൾ തത്ക്കാലം പുറത്ത് വിട്ടിട്ടില്ല.
സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ജോഷ്വ ബ്രൗഡർ എന്ന കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ് ഡൂനോട്ട്‌പേ എഐ വികസന കമ്പനി സ്ഥാപിച്ചത്. 2015-ൽ കാലിഫോർണിയയിലാണ് ഈ കമ്പനി സ്ഥാപിച്ചത്. കേസിൽ പെടുന്നവർക്ക് പണം ലാഭിക്കുന്നതിനും അഭിഭാഷകരെ പൂർണ്ണമായും മാറ്റാനുമാണ് ഈ ആപ്പിലൂടെ ജോഷ്വ ബ്രൗഡർ ലക്ഷ്യമിടുന്നത്. ‘ ഡൂനോട്ട്‌പേ ആപ്പ് ലോകത്തിലെ ആദ്യത്തെ റോബോട്ട് അഭിഭാഷകനാണ്. കോർപ്പറേഷനുകളോട് പോരാടുന്ന സാധാരണക്കാർ, ബ്യൂറോക്രസിയുടെ കുരുക്കിൽ അകപ്പെടുന്നവർ ഒരു ബട്ടണിൽ ക്ലിക്കിനപ്പുറം തങ്ങളുടെ നീതി പോരാട്ടം നടത്താൻ സാധിക്കണം എന്നാണ് ഇതിന്റെ ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കി.

