തിരുവനന്തപുരം: കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വികസിപ്പിച്ച ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിന് ഡിജിറ്റല്‍ ഇന്ത്യ പ്ലാറ്റിനം ഐക്കോണ്‍ അവാര്‍ഡ്. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരളയുടെ സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ ഇന്നൊവേഷന്‍ ആന്‍ഡ് പ്രൊഡക്ട് ഡെവലപ്മെന്റ് ഡയറക്ടര്‍ ആര്‍. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ഈ സിസ്റ്റം വികസിപ്പിച്ചെടുത്തത്. ശനിയാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തോടൊപ്പം കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ.പി.വി ഉണ്ണികൃഷ്ണന്‍, കേരള നോളജ് ഇക്കണോമി മിഷന്‍ മാനേജര്‍ റിയാസ് പിഎം എന്നിവരും രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
നിരവധി സവിശേഷതകള്‍ സമന്വയിപ്പിച്ച ഒരു പ്ലാറ്റ്ഫോമായാണ് ഡി ഡബ്ലിയു എം എസ് വികസിപ്പിച്ചതെന്ന് ആര്‍. അജിത് കുമാര്‍ പറഞ്ഞു. ‘വിജ്ഞാന വിലയിരുത്തല്‍, റോബോട്ടിക് അഭിമുഖം, വ്യക്തിത്വ വികസനം, ഇംഗ്ലീഷ് ഭാഷാ വിലയിരുത്തല്‍, ഇ-ലേണിംഗ്, കരിയര്‍ കൗണ്‍സിലിംഗ്, കരിയര്‍ ഗൈഡന്‍സ് എന്നിങ്ങനെ ഒട്ടനവധി സവിശേഷതകള്‍ ഈ പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുന്നു. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വികസിപ്പിച്ച മൊബൈല്‍ ആപ്പായ ഡിഡബ്ല്യുഎംഎസ് കണക്ട്, ഈ മുഴുവന്‍ സവിശേഷതകളും ഒരു ആപ്പിലേക്ക് സമന്വയിപ്പിക്കുന്നു. ഗൂഗിള്‍ പ്ലേസ്റ്റോര്‍ വഴി 9.62 ലക്ഷം ആളുകള്‍ ശരാശരി 4.02 റേറ്റിംഗുള്ള ഡിഡബ്ല്യുഎംഎസ് കണക്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇതുവരെ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്’- അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മള്‍ട്ടി-ലേയേര്‍ഡ് ആര്‍ക്കിടെക്ചറുള്ള ഒരു പ്ലാറ്റ്ഫോമാണ് ഡി ഡബ്ലിയു എം എസ് എന്ന് ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരള വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ‘ഇത് തൊഴില്‍ തേടുന്നവരെ തൊഴില്‍ദാതാക്കളുമായി ബന്ധിപ്പിക്കുകയും നൈപുണ്യം വര്‍ദ്ധിപ്പിക്കുകയും അതുവഴി അവരെ തൊഴിലിന് സജ്ജരാക്കുകയും ചെയ്യുന്നു. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരള ടീം സൃഷ്ടിച്ച പ്ലാറ്റ്‌ഫോം കേരള സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഒരു പ്രധാന പങ്കുവഹിക്കും. തൊഴിലന്വേഷകര്‍ക്ക് പരിശീലനവും ശരിയായ നൈപുണ്യവും പ്രദാനം ചെയ്യുന്നതും കരിയര്‍ സപ്പോര്‍ട്ട് മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് പുറമേ ഉപയോക്തൃ സൗഹൃദവുമാണ് ഡി ഡബ്ലിയു എം എസ്. ഡിഡബ്ല്യുഎംഎസിനുള്ള ഡിജിറ്റല്‍ ഇന്ത്യ അംഗീകാരം, വിദ്യാഭ്യാസ വ്യവസായ മേഖലകള്‍ തമ്മിലുള്ള വിടവ് നികത്തിക്കൊണ്ട് വിവിധ ഇ-ഗവേണന്‍സ് പ്രോജക്ടുകള്‍ ഏറ്റെടുക്കുന്ന കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിക്ക് പ്രചോദനമാകും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

