കോട്ടയം: ബഫർസോൺ വിഷയത്തിൽ പരാതികൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. സമയ പരിധി പതിനഞ്ച് ദിവസം കൂടി നീട്ടി നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
50 ശതമാനം പരാതികളിൽ പോലും സ്ഥലപരിശോധന പൂർത്തിയാകാത്ത സാഹചര്യത്തിൽ സമയപരിധി നീട്ടിനൽകുന്നതിൽ അപാകതയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബഫർസോൺ ഉപഗ്രഹ സർവേ ഭൂപടത്തിൽ വിട്ടുപോയ നിർമിതികളെ കുറിച്ചുള്ള വിവരം ചേർക്കാൻ സർക്കാർ നിശ്ചയിച്ച സമയപരിധി ഇന്ന് അവസാനിക്കുന്ന പസ്ചാത്തലത്തിലാണ് ജോസ് കെ മാണി ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്.
അതേസമയം, ഫീൽഡ് സർവേ പൂർത്തിയാക്കാൻ മിക്ക പഞ്ചായത്തുകളും സർക്കാരിനോട് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കർഷക താൽപ്പര്യം മുന്നിൽ നിർത്തി മാത്രമേ ബഫർ സോൺ നടപ്പാക്കാൻ പാടുളളുവെന്നാണ് സംസ്ഥാന സർക്കാരിന്റെ താൽപ്പര്യമെന്ന് കൃഷി മന്ത്രി പി പ്രസാദ് നേരത്തെ അറിയിച്ചിരുന്നു. കർഷകന്റെ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെടരുതെന്നാണ് സർക്കാർ നയമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

