കോഴിക്കോട്: അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിരീട നേട്ടവുമായി കോഴിക്കോട്. 938 പോയിന്റ് നേടിയാണ് ആതിഥേയരായ കോഴിക്കോട് കലാകിരീടം തിരിച്ചുപിടിച്ചത്. ഇത് 20-ാം തവണയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴികികോട് ജേതാക്കളാകുന്നത്.
അതേസമയം, 918 പോയിന്റ് നേടി കണ്ണൂരും 916 പോയിന്റ് നേടി പാലക്കാടും തൊട്ടുപിന്നിലെത്തി. തൃശൂര്‍, മലപ്പുറം, എറണാകുളം ജില്ലകളാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോഴിക്കോടും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കണ്ണൂരുമാണ് ഒന്നാമതെത്തിയത്. ഹൈസ്‌കൂള്‍ അറബിക് കലോത്സവത്തില്‍ കോഴിക്കോടും കണ്ണൂരും പാലക്കാടുമാണ് ഒന്നാമത്. ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതം കലോത്സവത്തില്‍ കൊല്ലവും എറണാകുളവും ഒന്നാമതെത്തി. ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സ്‌കൂളുകളില്‍ പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാമതും, തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഇഎം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാമതും കാസര്‍ഗോഡ് കാഞ്ഞങ്ങാട് ദുര്‍ഗാ എച്ച്എസ്എസ് മൂന്നാമതും എത്തി.
കസോത്സവത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ഏറ്റവും കൂടുതല്‍ പോയിന്റ്‌റുകള്‍ നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സമ്മാനിക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം മന്ത്രിമാരും മുഖ്യാതിഥിയായ ഗായിക കെ എസ് ചിത്രയും നിര്‍വഹിക്കും. കലോത്സവ സുവനീര്‍ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു പ്രകാശനം ചെയ്യും. എംപിമാരായ എളമരം കരീം,എംകെ രാഘവന്‍, കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്, സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

