ലഷ്കര്‍-ഇ-തൊയ്ബ അംഗം അര്‍ബാസ് അഹമ്മദ് മിറിനെ ഭീകരനായി പ്രഖ്യാപിച്ചു. ജമ്മു കശ്മീരില്‍ കൊലപാതകം ആസൂത്രണം ചെയ്തതിന് യുഎപിഎ പ്രകാരമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
ജമ്മു കശ്മീര്‍ സ്വദേശിയാണ് മിര്‍. നിലവില്‍ പാകിസ്താനിലാണെന്നും അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ലഷ്കര്‍ ഇ ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്ഫോടക വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ആയുധക്കടത്തില്‍ മിര്‍ പ്രതിയാണ്. ജമ്മു കശ്മീരിലെ കുല്‍ഗാമിലെ വനിതാ അധ്യാപികയായ രജനി ബാലയുടെ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ മിറാണെന്നും ആസൂത്രിത കൊലപാതകത്തില്‍ പങ്കുണ്ടെന്നും അറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ജമ്മു കശ്മീരിലും മറ്റിടങ്ങളിലും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ (ജെഇഎം) പ്രോക്സി സംഘടനയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിനെയും (പിഎഎഫ്എഫ്) കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

