കെഎസ്ആർടിസിയിൽ വീണ്ടും ശമ്പള പ്രതിസന്ധി; തൊഴിലാളി സമരം രണ്ടാം ദിനത്തിലേക്ക് കടന്നു

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വീണ്ടും ശമ്പള പ്രതിസന്ധി. ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ചുള്ള തൊഴിലാളി സമരം രണ്ടാം ദിനവും തുടരുകയാണ്. പ്രതിപക്ഷ സംഘടനയായ ടിഡിഎഫ് ആണ് സമരം നടത്തുന്നത്. ചീഫ് ഓഫീസിന് മുന്നിലാണ് നിരാഹാര സമരം. എല്ലാ മാസവും അഞ്ചാം തിയതിക്ക് മുമ്പ് ശമ്പള വിതരണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കുക, ശമ്പള വിതരണം ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ടിഡിഎഫ് സമരം നടത്തുന്നത്.

അതേസമയം, കെഎസ്ആർടിസി സർവീസുകളെ സമരം ഇതുവരെ ബാധിച്ചിട്ടില്ല. ശമ്പളം ഔദാര്യമല്ല അവകാശമാണെന്ന് മനസ്സിലാക്കാത്തത് പിണറായി സർക്കാരിനും കെഎസ്ആർടിസി മാനേജ്‌മെന്റിനും മാത്രമാണെന്ന് ടിഡിഎഫ് നേതാവ് തമ്പാനൂർ രവി പറഞ്ഞു. ശമ്പളം കിട്ടുന്നതുവരെ നിരാഹാര സമരം തുടരുമെന്നും കൂടുതൽ പ്രവർത്തകരെ അണിനിരത്തുമെന്നും വിൻസന്റ് എംഎൽഎയും വ്യക്തമാക്കിയിട്ടുണ്ട്.

80 കോടി രൂപ കെഎസ്ആർടിസി മാനേജ്‌മെന്റ് ധനവകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും 30 കോടി മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഇതാണ് ശമ്പള വിതരണം വൈകാൻ കാരണമെന്നാണ് മാനേജ്‌മെന്റ് വിശദമാക്കുന്നത്.