കുഴിമന്തി കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

veena

തിരുവനന്തപുരം: കാസർകോട് തലക്ലായിൽ കുഴിമന്തി കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മിഷണർക്ക് നിർദേശം നൽകി.

പെൺകുട്ടി കുഴിമന്തി കഴിച്ച ഹോട്ടൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിക്കുമെന്നും മറ്റാർക്കെങ്കിലും പ്രശ്‌നമുണ്ടോയെന്ന് ആരോഗ്യവകുപ്പ് അന്വേഷിക്കുമെന്നും വീണാ ജോർജ് അറിയിച്ചു. അതേസമയം, സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ ദിവസം 485 സ്ഥാപനങ്ങളിൽ പ്രത്യേക ‘ഷവർമ’ പരിശോധന നടത്തി. വൃത്തിഹീനമായി പ്രവർത്തിച്ച 10 സ്ഥാപനങ്ങളുടെയും ലൈസൻസ് ഇല്ലാതിരുന്ന 6 സ്ഥാപനങ്ങളുടെയും ഉൾപ്പെടെ 16 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്പ്പിച്ചു. 162 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായും മന്ത്രി വ്യക്തമാക്കി.

കൊച്ചിയിലും വ്യാപകമായ പരിശോധനയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തുന്നത്. കൊച്ചിയിൽ 36 ഹോട്ടലുകൾക്കെതിരെ നടപടിയെടുത്തു. 6 ഹോട്ടൽ അടച്ചുപൂട്ടി. 19 ഹോട്ടലുകൾക്ക് പിഴയിട്ടു. 11 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. ഫോർട്ട് കൊച്ചി എ വൺ, മട്ടാഞ്ചേരിയിലെ കയാസ്, സിറ്റി സ്റ്റാർ, കാക്കനാട് ഷേബ ബിരിയാണി, ഇരുമ്പനം ഗുലാൻ തട്ടുകട, നോർത്ത് പറവൂർ മജ്ലിസ് എന്നീ ഹോട്ടലുകളാണ് പൂട്ടിയത്.