‘എല്ലാ അംഗരാജ്യങ്ങളുമായും നീതിയുക്തവുമായ ബന്ധങ്ങള്‍ക്കും ബഹുരാഷ്ട്ര ഉടമ്ബടികള്‍ക്കുമായി ഇന്ത്യ ശ്രമിക്കുന്നു’: പിയൂഷ് ഗോയല്‍

ഡല്‍ഹി: വിവിധ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകള്‍ക്കായുള്ള ചര്‍ച്ചകള്‍ നല്ല രീതിയില്‍ നടക്കുന്നുണ്ടെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. 27-ാമത് വാര്‍ട്ടണ്‍ ഇന്ത്യ ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിയൂഷ് ഗോയല്‍ പറഞ്ഞത്

‘എല്ലാ അംഗരാജ്യങ്ങളുമായും നീതിയുക്തവുമായ ബന്ധങ്ങള്‍ക്കും ചില ബഹുരാഷ്ട്ര ഉടമ്ബടികള്‍ക്കുമായി ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വര്‍ദ്ധിപ്പിക്കുന്നതിനായി 2022 മെയ് മാസത്തില്‍ ഓസ്ട്രേലിയയുമായും 2022 ഡിസംബര്‍ 29-ന് യുഎഇയുമായും ഇന്ത്യ അടുത്തിടെ ഒരു സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പാക്കിയിട്ടുണ്ട്. കാനഡ, യൂറോപ്യന്‍ യൂണിയന്‍, യുകെ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഉഭയകക്ഷി വ്യാപാര കരാറുകള്‍ക്കായി പല രാജ്യങ്ങളുമായി ഇന്ത്യ നടത്തുന്ന ചര്‍ച്ചകള്‍ നല്ല പാതയിലാണ്. ഒന്നോ രണ്ടോ ബഹുമുഖ വ്യാപാര കരാറുകളും ഇന്ത്യ ലക്ഷ്യം വയ്ക്കുന്നു. ഇത്തരം കരാറുകളിലൂടെ വലിയ പ്രയോജനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്. രണ്ടോ അതിലധികമോ രാജ്യങ്ങള്‍ തമ്മില്‍ വ്യാപാരം ചെയ്യുമ്‌ബോള്‍ ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഗണ്യമായി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നുണ്ട്. കൂടാതെ, സേവനങ്ങളിലും നിക്ഷേപങ്ങളിലും വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന് മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നുണ്ട്’.
ഉഭയകക്ഷി വ്യാപാര കരാറുകളില്‍ ഏര്‍പ്പെടുന്നത് ഇന്ത്യയുടെ താല്‍പ്പര്യമാണ്. എല്ലാ ഉല്‍പ്പന്നങ്ങളും കാര്യക്ഷമമായി നിര്‍മ്മിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞെന്നു വരില്ല. അത്തരം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുക തന്നെ വേണം. അതേസമയം, ടെക്‌സ്‌റ്റൈല്‍സ്, തുകല്‍, പാദരക്ഷകള്‍, ഔഷധ നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ ഇന്ത്യ നന്നായി മത്സരിക്കുന്നുണ്ട്. ഇത് വ്യാപാര കരാറുകള്‍ക്ക് ഗുണം ചെയ്യും. സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായി വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാനാണ് ഇന്ത്യയുടെ തീരുമാനം. 2022-ല്‍ ഇന്ത്യ 74 ബില്യണ്‍ സാമ്ബത്തിക ഇടപാടുകള്‍ ഡിജിറ്റലായി നടത്തി. യൂറോപ്പ്, യുഎസ്, ചൈന എന്നീ രാജ്യങ്ങള്‍ സംയോജിപ്പിച്ചതിനേക്കാള്‍ കൂടുതലാണിത്. ഉയര്‍ന്ന നിലവാരമുള്ള, ഉയര്‍ന്ന സാങ്കേതിക വിദ്യയും സേവനാധിഷ്ഠിതവുമായ സമ്ബദ്വ്യവസ്ഥയായി മാറുന്നതിന് വേണ്ടിയാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്.’