മന്ത്രി വാസവനോട് തനിക്ക് ഒരു പിണക്കവുമില്ലെന്ന് നടന്‍ ഇന്ദ്രന്‍സ്; ഇന്ദ്രന്‍സിനെ മഹാനടനെന്ന് വിശേഷിപ്പിച്ച്‌ മന്ത്രിയും

കോട്ടയം: മന്ത്രി വാസവനോട് തനിക്ക് ഒരു പിണക്കവുമില്ലെന്ന് നടന്‍ ഇന്ദ്രന്‍സ്. ഇന്ദ്രന്‍സിനെ മഹാനടനാണെന്ന് വിശേഷിപ്പിച്ച് വി.എന്‍ വാസവനും. വിവാദപരാമര്‍ശത്തിന് ശേഷം കോട്ടയം പാമ്പാടിയിലെ പാമ്പാടിയിലെ സ്വകാര്യ സ്‌കൂളിന്റെ വാര്‍ഷികാഘോഷ ചടങ്ങില്‍ ആദ്യമായി വേദി പങ്കിടുകയായിരുന്നു മന്ത്രിയും നടനും. മന്ത്രിയുടെ ക്ഷണപ്രകാരമാണ് ഇന്ദ്രന്‍സ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. സ്‌കൂളിന്റെ സ്‌നേഹസമ്മാനം ഇന്ദ്രന്‍സിന് മന്ത്രി കൈമാറുകയും ചെയ്തു.

കലാകേരളത്തിന്റെ അഭിമാനമാണ് നടന്‍ ഇന്ദ്രന്‍സെന്ന് വി.എന്‍ വാസവന്‍ പറഞ്ഞു. അദ്ദേഹം അഭിനയിച്ച് മറക്കാനാവാത്ത എത്രയോ ചിത്രങ്ങളാണ് നമുക്ക് മുന്നിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മന്ത്രിയോട് തനിക്ക് ഒരു പിണക്കവുമില്ലെന്നും ഇന്ദ്രന്‍സും വ്യക്തമാക്കി. ‘ഞങ്ങള്‍ കുറച്ചുമുമ്പ് ജനിച്ചവരായതുകൊണ്ട് പുതിയ തലമുറ സൂക്ഷിക്കുന്നതുപോലെ ചിലപ്പോള്‍ സൂക്ഷിക്കാന്‍ കഴിഞ്ഞെന്നുവ രില്ല. ഒരുകാലത്ത് അങ്ങനെയൊക്കെയല്ലേ നമ്മള്‍ ഓരോന്നും അടയാളപ്പെടുത്തിയിരുന്നതും പറഞ്ഞതുമൊക്കെ. ഇനി നമുക്ക് സൂക്ഷിക്കാം, ശ്രദ്ധിക്കാം’- നടന്‍ ചൂണ്ടിക്കാട്ടി.

നിയമസഭയിലാണ് വി.എന്‍ വാസവന്റെ വിവാദപരാമര്‍ശമുണ്ടായത്. ‘സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി തന്നതാണ് കോണ്‍ഗ്രസിന്. ഇപ്പോള്‍ എവിടെയെത്തി?. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി പൊതുവിലെടുത്താല്‍ ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നു’- എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.