മാസംതോറും വൈദ്യുതി നിരക്ക് കൂട്ടാന്‍ അനുമതി; കേന്ദ്ര ഉത്തരവ് പിന്‍വലിക്കണമെന്ന് കേരളം

തിരുവനന്തപുരം: മാസംതോറും വൈദ്യുതി നിരക്ക് കൂട്ടാന്‍ വൈദ്യുതി വിതരണ ലൈസന്‍സികള്‍ക്ക് അനുമതി നല്‍കുകയും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനുകളെ നോക്കുകുത്തിയുമാക്കുന്ന കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന്റെ ഉത്തരവ് റദ്ദാക്കാന്‍ ആവശ്യപ്പെടുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി.

‘രാജ്യത്തെ വൈദ്യുതി വിതരണ ലൈസന്‍സികള്‍ക്ക് മാസം തോറും വൈദ്യുതി നിരക്ക് നിശ്ചയിക്കാന്‍ അനുമതി നല്‍കുന്ന ഉത്തരവ് പ്രകാരം ഇന്ധനവില അനുസരിച്ച് എല്ലാ മാസവും നിരക്കില്‍ വ്യത്യാസം വരാം. കേന്ദ്ര വൈദ്യുതി നിയമം പാസാക്കുന്നതിന് മുന്‍പാണ് ഉപയോക്താക്കളെ പ്രതികൂലമായി ബാധിക്കുന്ന ഉത്തരവ് പുറത്തിറക്കിയത്. ഇത് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടും’- മന്ത്രി വ്യക്തമാക്കി.

ഇന്ധന സര്‍ച്ചാര്‍ജ് എത്ര ഈടാക്കാമെന്നു തീരുമാനിക്കുന്നത് സംസ്ഥാനങ്ങളിലെ വൈദ്യുതി റെഗുലേറ്ററി കമ്മിഷനുകളാണ്. കേരളത്തില്‍ കഴിഞ്ഞ കുറേക്കാലമായി സര്‍ചാര്‍ജ് ഈടാക്കുന്നതില്‍ കമ്മിഷന്‍ തീരുമാനം എടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന്റെ ഉത്തരവ്. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനുവരി 10ന് ചേരുന്ന ഉന്നതലയോഗത്തിന് ശേഷം കേന്ദ്രത്തെ നിലപാട് അറിയിക്കും.