അയോധ്യയിലെ രാമക്ഷേത്രം നിർമാണം അടുത്ത വർഷം ജനുവരി ഒന്നിന് പൂർത്തിയാകും; അമിത് ഷാ

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രം നിർമാണം അടുത്ത വർഷം ജനുവരി ഒന്നിന് പൂർത്തിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാമക്ഷേത്ര നിർമാണത്തിന് തുരങ്കം വച്ചത് കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ പ്രധാനമന്ത്രി മോദി മുൻകൈയെടുത്ത് ക്ഷേത്രം നിർമ്മാണം ആരംഭിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ത്രിപുരയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ത്രിപുരയിലെ ബിജെപി സർക്കാർ ഭീകരതയെ തുടച്ചുനീക്കുകയും വടക്കുകിഴക്കൻ സംസ്ഥാനത്തിന് സർവതോന്മുഖമായ വികസനം കൊണ്ടുവരികയും ചെയ്തെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ജനങ്ങൾ പ്രകടിപ്പിക്കുന്ന അളവറ്റ സ്‌നേഹവും വിശ്വാസവും സൂചിപ്പിക്കുന്നത് സംസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിൽ എത്തുമെന്നാണ്. ഒരുകാലത്ത് മയക്കുമരുന്ന് കടത്തിനും അക്രമത്തിനും വൻതോതിലുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും പേരുകേട്ട സംസ്ഥാനമായിരുന്നു ത്രിപുര. എന്നാൽ, ഇപ്പോൾ വികസനത്തിനും മികച്ച അടിസ്ഥാന സൗകര്യങ്ങൾക്കും കായികരംഗത്തെ നേട്ടങ്ങൾക്കും വർദ്ധിച്ചുവരുന്ന നിക്ഷേപങ്ങൾക്കും ജൈവകൃഷി പ്രവർത്തനങ്ങൾക്കും ത്രിപുര പേരുകേൾക്കുന്നുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര’യുമായുള്ള സമാധാന ചർച്ചകളിലൂടെ ബിജെപി സർക്കാർ തീവ്രവാദം അവസാനിപ്പിക്കുകയും ആഭ്യന്തരമായി കുടിയിറക്കപ്പെട്ട ബ്രൂസിനെ സംസ്ഥാനത്ത് പുനരധിവസിപ്പിക്കുകയും ചെയ്തു. എല്ലാ യുവാക്കൾക്കും സംസ്ഥാനത്ത് തന്നെ ജോലി ലഭിക്കുന്ന തരത്തിൽ ത്രിപുരയെ മാറ്റുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.